kovid
fltc

മാനന്തവാടി: കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്റർ(സി.എഫ്.എൽ.ടി.സി) ചികിത്സാ സൗകര്യം സാമ്പത്തി​കമായി​ പി​ന്നാക്കമുള്ളവർക്ക് മാത്രമായി​ പരി​മി​തപ്പെടുത്തി​യേക്കും. മറ്റുള്ളവർക്ക് കൊവിഡ് ചികിത്സയും പരിചരണവും വീടുകളിൽ തന്നെയാക്കും.
സി.എഫ്.എൽ ടി.സി.സൗകര്യങ്ങൾ ആദിവാസികൾ ദാരിദ്യ രേഖയ്ക്ക് താഴെയുള്ളവർ മറ്റ് അവശതയനുഭവിക്കുന്നവർ എന്നിവർക്ക് മാത്രമാക്കി പരിമിതപ്പെടുത്തനാനാണ് നിർദേശം.
ഈ വിഭാഗത്തിൽപ്പെടുന്നവരെ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സി.കളിൽ മാത്രം പ്രവേശനം അനുവദിക്കേണ്ടതാണെന്ന് ഡി.ഡി.എം.എ. ചെയർമാനും ജില്ലാ കലക്ടറുമായ ഡോ.അദീല അബ്ദുള്ള അറിയിച്ചിട്ടുണ്ട്.
ഇനിമുതൽ കൊവിഡ് രോഗികൾക്കായി പരമാവധി വീടുകളിൽ തന്നെ പരിചരണം നൽകുന്നത് (ഹോം ബേസ്ഡ് മാനേജ്‌മെന്റ്) നടപ്പിലാക്കണമെന്നും ഡിസംബർ 23ന് ഇറക്കിയ ഉത്തരവിൽ പറയുന്നു.
സി.എഫ്.എൽ.ടി.സി.കളായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ ബെഡ്ഡുകൾ തീരുന്ന മുറയ്ക്ക് സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായി പ്രത്യേകം ബ്ലോക്കുകൾ സജ്ജീകരിക്കുന്നതിന്നാവശ്യമായ നടപടികൾ ജില്ലാ മെഡിക്കൽ ഓഫീസർ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
വീടുകളിലെ സൗകര്യ കുറവുള്ളവർക്കും, മറ്റിടങ്ങളിൽ താമസമൊരുക്കാൻ കഴിയാത്തവർക്കും ഇത് പ്രയാസമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നേരത്തേ സ്വകാര്യവ്യക്തികളുടേയും സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ അടച്ചുപൂട്ടുന്നതിന് ഉത്തരവിറങ്ങിയിരുന്നു.