 
കോഴിക്കോട്: ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ശാരുതി അധികാരമേറ്റു. ഇന്നലെ പഞ്ചായത്ത് ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയ്ക്ക് 17 പേരുടെ പിന്തുണ ലഭിച്ചു. യു.ഡി.എഫിന്റെ പിലാക്കോത്ത് ഹസീന അസീസിന് അഞ്ച് പേർ വോട്ട് ചെയ്തു. ബി.ജെ.പിയുടെ ഏക അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ഇടിമുഴിക്കൽ ഭവൻസിലെ അവസാനവർഷ നിയമവിദ്യാർത്ഥിയാണ് ശാരുതി. ഒന്നാം വാർഡായ ഇരിങ്ങല്ലൂരിൽ നിന്ന് 574 വോട്ടിന്റെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഇരിങ്ങല്ലൂരിലെ റേഷൻ കടയുടമയ്ക്ക് കൊവിഡ് ബാധിച്ച സമയത്ത് കട ഏറ്റെടുത്ത് നടത്തിയും കൊവിഡ് കെയർ സെന്ററിൽ സേവനം ചെയ്തുമുള്ള ശാരുതിയുടെ സേവനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്.
പറശ്ശേരി മനോഹരന്റെയും പാർട്ടി റജീനയുടെയും മകളാണ്. പാലാഴി ഈസ്റ്റിൽനിന്ന് വിജയിച്ച എൻ. ജയപ്രശാന്താണ് വൈസ് പ്രസിഡന്റ്.