കോഴിക്കോട്: കേരളത്തിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നൽകി വരുന്ന ഈ വർഷത്തെ ഊർജ്ജ സംരക്ഷണ അവാർഡിന് മിൽമ മലബാർ യൂണിയൻ അർഹമായി. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഇടത്തരം ഊർജ്ജ ഉപഭോക്താക്കളുടെ വിഭാഗത്തിലാണ് ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എനർജി മാനേജ്‌മെന്റ് സെന്റർ നിയോഗിച്ച ജഡ്ജിംഗ് കമ്മി​റ്റിയാണ് അവാർഡ് നിർണയിച്ചത്. ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന-ദേശീയ തലത്തിൽ മലബാർ മിൽമ ഡയറികൾ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്. തിരുവനന്തപുരം എനർജി മാനേജ്‌മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്റി എം.എം മണി അവാർഡ് വിതരണം ചെയ്തു. മിൽമ മലബാർ യൂണിയനുവേണ്ടി എനർജി മാനേജർ കെ.പ്രേമാനന്ദനും എൻജിനീയർ ജോക്കിനോ .ടി അശോകും ഏ​റ്റുവാങ്ങി.