കോഴിക്കോട്: നടപ്പാക്കാനാവുന്ന പദ്ധതികൾ മാത്രമേ പറയൂവെന്നും പ്രഖ്യാപിക്കുന്ന പദ്ധതികൾ ഉറപ്പായും നടപ്പാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല വ്യക്തമാക്കി.
കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദനും ഒപ്പമുണ്ടായിരുന്നു.
ജനങ്ങളുടെ അടിയന്തരാവശ്യങ്ങൾ കണക്കിലെടുത്താണ് ബഡ്‌ജറ്റിൽ തുക വകയിരുത്തുക. നടപ്പാക്കാവുന്ന പദ്ധതികൾ പ്രഖ്യാപിക്കും. വലിയ പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കാനാവാത്ത സാഹചര്യമുണ്ടാകില്ല. വൻകിട പദ്ധതികൾ പാടെ ഒഴിവാക്കുമെന്നല്ല. പരിമിതിയ്ക്കുള്ളിൽ നിന്ന് പരമാവധി കാര്യങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
എപ്പോഴും എൽ.ഡി.എഫ് സർക്കാരിൽ നിന്ന് ജില്ലാ പഞ്ചായത്തിന് ഉയർന്ന പരിഗണനയും ആവശ്യത്തിന് ഫണ്ടും ലഭിക്കാറുണ്ട്. ഇടതുമുന്നണി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
സ്ത്രീകളുടെ സാമ്പത്തിക ഉന്നമനമാണ് ജില്ലാ പഞ്ചായത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. സ്ത്രീ ശാക്തീകരണം സ്വാഭാവികമായും സാമ്പത്തികഉന്നമനത്തിന് വഴിയൊരുക്കും.
കൊവിഡ് പശ്ചാത്തലത്തിൽ നിരവധി സ്ത്രീകൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ സഹായിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് അവർക്ക് സൗകര്യം ലഭ്യമാക്കും. സ്ത്രീകൾക്കെതിരായുള്ള അക്രമം തടയുന്നതിനായി പറ്റാവുന്നതെല്ലാം ചെയ്യും.
ഭിന്നശേഷിക്കാർക്ക് വേണ്ടി കാര്യക്ഷമമായ പദ്ധതി നടപ്പാക്കും. പുഴ സംരക്ഷണത്തിനായുള്ള ഫണ്ട് ലാപ്‌സാകുന്ന സാഹചര്യം ഇല്ലാതാക്കും. മലയോരത്തെ വന്യജീവിശല്യം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കും.
സ്‌കൂളുകളിലെ സോളാർ വൈദ്യുതി ഉത്പാദന പദ്ധതി കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സാഹചര്യം കൂടി പരിഗണിച്ച് വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഫലപ്രദമായി ഇടപെടും. ഇതിനായി വിദഗ്ദ്ധ സമിതി അടുത്ത ദിവസം വിളിച്ചു ചേർക്കും.
പൊതുനിരത്തുകളിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ കാര്യമായ ഇടപെടലുണ്ടാവും. മാലിന്യ സംസ്കരണവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാകാൻ പഞ്ചായത്തുകളിൽ അദാലത്ത് ഒരുക്കും. വിദഗ്ദരെ ഉൾപ്പെടുത്തി കൊവിഡാനന്തര നടപടികൾക്ക് സ്വന്തമായി പദ്ധതി തയ്യാറാക്കും. എ.ബി.സി പദ്ധതി കാര്യക്ഷമമാക്കും. വാർഷിക പദ്ധതികളുടെ പൂർത്തീകരണം സംബന്ധിച്ച് ആറിന് യോഗം ചേരുമെന്നും അവർ വ്യക്തമാക്കി. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും.
പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്നതിനൊപ്പം നേരത്തെ തുടങ്ങി വെച്ചവയുടെ പൂർത്തീകരണവും ഏറ്റെടുക്കുമെന്ന് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ പറഞ്ഞു. തിരത്തേണ്ടവ തിരുത്തിയും നിർദ്ദേശങ്ങളിൽ ഉൾക്കൊള്ളേണ്ടവ സ്വീകരിച്ചും മുന്നോട്ടുപോകും.
പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് രാകേഷ്, വൈസ് പ്രസിഡന്റ് മിഥില ബാലൻ എന്നിവർ സംബന്ധിച്ചു.