 
കോഴിക്കോട്: ചെറുവണ്ണൂർ കുണ്ടായിത്തോടിലെ ആക്രി ഗോഡൗണിലുണ്ടായ തീപിടിത്തം ഷോർട്ട് സർക്യൂട്ടോ, അരെങ്കിലും തീയിട്ടതോ മൂലല്ലെന്ന് ഫയർ ഫോഴ്‌സ് അന്വേഷണത്തിൽ കണ്ടെത്തി. പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിനൊപ്പം ജൈവമാലിന്യം കൂടി ചേർന്നപ്പോൾ രൂപം കൊണ്ട മീഥൈൻ വാതകം ഉയർന്ന താപനിലയിൽ പുകഞ്ഞു കത്തിയതാണെന്നാണ് നിഗമനം. നേരത്തെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവും സമാനരീതിയിലുണ്ടായതാണ്. ചുരുക്കത്തിൽ, ജാഗ്രതയില്ലാതെ വരുത്തിവെക്കുന്നതായി ഈ തീപിടിത്തമെന്ന നിഗമനമാണ് അന്വേഷണ സംഘത്തിന്റേത്.
ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിന് സാദ്ധ്യത തീരെയില്ലെന്നും ആരെങ്കിലും തീയിട്ടതാണെന്ന സംശയം നിലനിൽക്കുന്നില്ലെന്നും കാണിച്ച് മീഞ്ചന്ത ഫയർ ഫോഴ്സ് ജില്ലാ കളക്ടർക്കും ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർക്കും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ആറടി മുതൽ പത്തടി വരെ താഴ്ചയിൽ നിന്നാണ് തീയുണ്ടായത്. വൈദ്യുതി ഷോർട്ട് സർക്യൂട്ട് വഴിയോ ഗ്യാസിൽ നിന്നോ മറ്റോ തീ പടർന്നതോ ആണെങ്കിൽ മുകളിൽ നിന്ന് കത്താനുള്ള സാദ്ധ്യതയാണ് കൂടുതൽ. എന്നാൽ മാലിന്യം കൂട്ടിയിട്ട പിറകുവശത്തും മദ്ധ്യഭാഗത്തുമായാണ് തീപടർന്നത്. ഇലക്ട്രിക് ലൈനുകൾ ഇല്ലാത്തിനാൽ ഷോർട്ട്‌സർക്യൂട്ടിനു സാദ്ധ്യതയേയില്ല.
തീപിടിത്തത്തിന് കാരണം ലാൻഡ് ഫിൽഫയർ പ്രതിഭാസമാണെന്നു തന്നെ വേണം കരുതാൻ. മാസങ്ങളായി ഇവിടെ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. ഇങ്ങനെ കൂട്ടിയിട്ട മാലിന്യത്തിനുള്ളിൽ ഉയർന്ന താപനിലയുണ്ടാകും. താഴെയുള്ള ഓക്‌സിജന്റെ സാന്നിദ്ധ്യത്തിൽ ബാക്ടീരിയയുടെ പ്രവർത്തനം നടക്കും. പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂടെ ജൈവ മാലിന്യങ്ങളും സംഭരിച്ചതിനാൽ അതിൽ നിന്ന് മീഥൈൻ വാതകവുമുണ്ടാവും. ഉയർന്ന താപനിലയിൽ തീ ഉത്ഭവിക്കും. ഇവിടെ നിക്ഷേപിച്ച കൂട്ടത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ മാലിന്യവുമുണ്ട്. തെർമോകോൾ, പെർഫ്യൂ എന്നിവയും എളുപ്പത്തിൽ തീപിടിക്കുന്നവയാണ്. തീ എളുപ്പത്തിൽ ആളിക്കത്താൻ കാരണം മറ്റൊന്നുമല്ലെന്നും ഫയർ ഫോഴ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.