കോഴിക്കോട് : നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു.
കോഴിക്കോട് ടൗൺഹാളിൽ ഒരുക്കിയ വനിതാ കമ്മിഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ അത് അന്വേഷിക്കണം. ഇത്തരം കേസുകൾ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തത് അഭിനന്ദനാർഹമാണ്.
വർക്കലയിൽ അമ്മയെ മകൻ ഉപദ്രവിച്ച സംഭവത്തിൽ അമ്മയുടെ സമീപനത്തോട് വിയോജിപ്പാണ്. എന്നാൽ, പൊലീസ് ജാഗ്രത കാണിച്ചു. അമ്മയുടെ പരാതിയില്ലെങ്കിലും വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കൊച്ചിയിലെ മാളിൽ നടിയെ ആക്രമിച്ച സംഭവത്തിൽ പരാതിയില്ലെന്ന നടിയുടെ നിലപാട് വേദനിപ്പിക്കുന്നതായി. സ്ത്രീകൾ അപമാനിക്കപെടാതിരിക്കാൻ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. സുരക്ഷയുടെ കാര്യത്തിൽ സ്ത്രീകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
വിദ്യാസമ്പന്നരുടെ നാടായിട്ടും കേരളത്തിൽ അന്ധവിശ്വാസത്തിന്റെ മറവിൽ ആളുകളെ ചൂഷണം ചെയ്യുന്നത് കൂടി വരികയാണെന്നും ജോസഫൈൻ പറഞ്ഞു.