കോഴിക്കോട്: കർണാടകയിലെ ഹവേരി ജില്ലയിൽ റാണിബെന്നൂരിലെ അരിമലാപുര പഞ്ചായത്തിന്റെ അമരത്തെത്തിയത് കോഴിക്കോട്ടുകാരനായ യുവസന്യാസി പ്രണവാനന്ദ സ്വാമി. രണ്ടാം വാർഡിൽ ബി.ജെ.പി പിന്തുണയാേടെ മത്സരിച്ച ഇദ്ദേഹം 148 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ്, ജെ.ഡി.എസ് പാർട്ടികളുടേതുൾപ്പെടെ 11 സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു.
പേരാമ്പ്രയിലെ നാണു - രാധ ദമ്പതികളുടെ മകനാണ് 35-കാരനായ പ്രണവാനന്ദ. പന്ത്രണ്ടംഗ ഭരണസമിതിയിൽ ഏഴു സീറ്റുമായി കോൺഗ്രസ് ഭൂരിപക്ഷം നേടിയെങ്കിലും സംവരണ സീറ്റിൽ വിജയിച്ചത് പ്രണവാനന്ദ മാത്രം. തീയ്യ സമുദായാംഗമായ ഇദ്ദേഹം സംവരണ പട്ടികയിലാണ്. പ്രണവാനന്ദ അടക്കം അഞ്ചു അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. കഴിഞ്ഞ 40 വർഷം ഈ പഞ്ചായത്ത് കാേൺഗ്രസ് ഭരണത്തിലായിരുന്നു.
ആർ.എസ്.എസ് പ്രചാരകനും ബാലഗോകുലം ഭാരവാഹിയുമായിരുന്നു പ്രണവാനന്ദ. 11 വർഷം മുമ്പാണ് ഗുൽബർഗയിലെ ശ്രീശരണബസവേശ്വര മഠത്തിലെത്തുന്നത്. പിന്നീട് അരിമലാപുരയിലെത്തി അവിടെ മഠത്തിന്റെ ശാഖ തുടങ്ങിയതോടെ മഠാധിപതിയുമായി. ഗൃഹസ്ഥാശ്രമം തുടരുന്ന മഠമാണിത്.
സാമൂഹിക സേവനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് പ്രണവാനന്ദ സ്വാമി പറഞ്ഞു. ഒട്ടേറെയാളുകൾക്ക് ഭൂമിയ്ക്ക് പട്ടയം ലഭ്യമാക്കാൻ കഴിഞ്ഞു. പാവപ്പെട്ട നിരവധി പേർക്ക് വീടുവെച്ചു കൊടുത്തതിനു പുറമെ നിർധന യുവതികളുടെ സമൂഹ വിവാഹവും ഒരുക്കി. കൊവിഡ് ലോക്ക് ഡൗൺ വേളയിൽ 15,000 ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. രണ്ടു ലക്ഷം മാസ്ക് നൽകി.
തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറ്റാൻ വലിയ സമ്മർദ്ദമുണ്ടായിരുന്നു. അന്യനാട്ടുകാരനെന്നും ജാതി പറഞ്ഞും മറ്റുമായിരുന്നു ആക്ഷേപം. എന്നാൽ ബി.ജെ.പിയും നാട്ടുകാരും പിന്തുണച്ചതോടെ ജയിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടുകാരി മീരയാണ് ഭാര്യ. മകൻ രണ്ടുവയസുകാരൻ ശ്രീവേദപ്രകാശ് ശരണബസവ.