ksrtc

ചങ്ങനാശേരി: നഗരത്തിൽ നിന്നും കിഴക്കൻ മേഖലയിലേക്കും മറ്റുമുള്ള രാത്രികാല സർവീസുകൾ ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. ഇതുമൂലം നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. സന്ധ്യ കഴിഞ്ഞാൽ ചങ്ങനാശേരിയിൽ നിന്നും കിഴക്കൻ മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി. ബസില്ല.
മുൻപ് ഏതാനും സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയിരുന്നു. എന്നാൽ, കൊവിഡ് 19 മൂലം സ്വകാര്യ ബസുകളും സർവ്വീസ് നേരത്തെ അവസാനിപ്പിക്കും. ചങ്ങനാശേരിയിൽ നിന്ന് കോട്ടയം, പൊൻകുന്നം, വാഴൂർ തുടങ്ങി ദൂരസ്ഥലങ്ങളിലേയ്ക്കും സമീപ പ്രദേശങ്ങളിലേയ്ക്കും പോകണമെങ്കിൽ യാത്രക്കാർ സ്വകാര്യവാഹനങ്ങളെയും ടാക്സികളെയും ഓട്ടോറിക്ഷാകളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്.

ചങ്ങനാശേരിയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്ന നിരവധി പേർ ബസുകളെയാണ് കൂടുതലും ആശ്രയിക്കുന്നതും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ബസ് കാത്ത് നില്ക്കുന്നത്. ചങ്ങനാശേരി, ആലപ്പുഴ മേഖലകളിലേക്ക് ബസ് സർവീസ് ഉണ്ടെങ്കിലും ഉൾപ്രദേശങ്ങളിലേക്കും മറ്റ് ടൗണിലേക്കും ബസുകൾ കുറവാണ്. അപകടാവസ്ഥയിലായ പഴയ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ സുരക്ഷിതമായി ഇരിക്കാനാവില്ല. സ്ഥലത്ത് വെളിച്ചമില്ലാത്തതിനാൽ ഇരുട്ടിന്റെ മറവിൽ സ്റ്റേഷനു പുറത്ത് ബസ് കാത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മണിക്കൂറോളം നിൽക്കേണ്ട സ്ഥിതിയാണ്. യാത്രാക്ലേശത്തിന് പരിഹാരമുണ്ടാകണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു.