
കോട്ടയം: മീനച്ചിലാറ്റിൽ ജലനിരപ്പ് താഴ്ന്നു. ഇതോടെ മണൽവാരൽ ശക്തമായി. പൊലീസോ റവന്യു വകുപ്പ് ഉദ്യോഗസ്ഥരോ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്തത് മണൽമാഫിയക്ക് സഹായകരമായി. പ്രതിദിനം നൂറുകണക്കിന് ലോഡ് മണലാണ് കയറിപ്പോവുന്നത്.
വെള്ളം താഴ്ന്നതോടെ ലോറികൾ ആറ്റിലേക്ക് ഇറക്കിയാണ് ലോഡ് ചെയ്യുന്നത്. മീനച്ചിലാറിന്റെ പല ഭാഗങ്ങളിലും മണൽതിട്ടകൾ രൂപം കൊണ്ടത് ഇവർക്ക് സഹായകമായി. കൂടാതെ മണൽവാരുന്നവർക്ക് ഊർജ്ജം പകരാൻ വാറ്റുകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പകലും മണലൂറ്റ്
തീക്കോയി പള്ളിക്ക് സമീപത്തെ കടവിൽ പകൽ സമയത്ത് പോലും മണലൂറ്റ് നടക്കുന്നുണ്ട്. ഇല്ലിക്കൂട്ടം ആറ്റിലേക്ക് പടർന്നുകിടക്കുന്നതിനാൽ പകൽ സമയത്ത് പോലും മണൽ വാരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടില്ല.  തീക്കോയി പള്ളിക്ക് സമീപമുള്ള കടവിൽ മണൽകൂനകൾ രൂപം കൊണ്ടിട്ടുണ്ട്. കൂടാതെ ആളൊഴിഞ്ഞ പുരയിടത്തിലും ലോഡ് കണക്കിന് മണലാണ് കോരിയിട്ടിട്ടുള്ളത്. പകൽസമയത്താണ് കോരിയിട്ടിരിക്കുന്ന മണൽ ലോറിയിൽ കയറ്റിക്കൊണ്ടു പോവുന്നത്. മഴ മാറിയതോടെ തീക്കോയി ആറ്റിൽ കിലോമീറ്ററോളം ദൂരത്തിലാണ്  മണൽത്തിട്ട രൂപപ്പെട്ടിരിക്കുന്നത്. ഇവിടെയും ലോറി ആറ്റ് തീരത്ത് എത്തിച്ചാണ് ലോഡ് ചെയ്യുന്നത്. ഇതോടെ തൊഴിലാളികൾക്ക് വെള്ളത്തിൽ മുങ്ങിതാഴ്ന്ന് മണൽ വാരേണ്ട കാര്യമില്ല. ലോറി ആറ്റുതീരത്ത് എത്തിച്ചാൽ അര മണിക്കൂറിനുള്ളിൽ ലോഡ് ചെയ്ത് പുറപ്പെടുകയാണ്. ഒരു ലോറി മണലിന് ഇപ്പോൾ 16,000 രൂപയാണ് വില. കൂടാതെ ലോറികൂലി വേറെയും നല്കണം.
മണലിന് ആവശ്യക്കാർ ഏറെയാണ് ഇപ്പോൾ. വീടുകൾ തേക്കാനും മറ്റുമാണ് ഇപ്പോൾ ആറ്റുമണൽ കൂടുതലായി ഉപയോഗിക്കുന്നത്. ഇഷ്ടകകൾ കെട്ടാനും മറ്റും പാറപ്പെടിയാണ് ഉപയോഗിക്കുന്നത്. ഇതിനും വില കൂടിയിട്ടുണ്ട്.
മണൽമാഫിയകൾ ശക്തം
മണലൂറ്റ് ശ്രദ്ധയിൽപെട്ടാൽ പോലും ആളുകൾ പരാതിപ്പെടാനോ പൊലീസിലോ റവന്യു വകുപ്പിനെ അറിയിക്കാനോ മിനക്കെടാറില്ല. ആരെങ്കിലും പരാതിപ്പെട്ടാൽ അന്നുരാത്രിയിൽ തന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്താനും മണൽമാഫിയക്ക് സംവിധാനങ്ങളുണ്ട്. ഇതിനാൽതന്നെ നാട്ടുകാർ ആരുംതന്നെ ചോദ്യം ചെയ്യുവാനോ പൊലീസിൽ അറിയിക്കാനോ മുതിരാറില്ല. ഇത് മണൽ മാഫിയക്ക് തുണയാണ്. നാട്ടിലെ ചില ഗുണ്ടകളുടെ പിൻബലത്തോടെയാണ് മണൽവാരൽ തകൃതിയായി നടക്കുന്നത്. മണൽമാഫിയ ശക്തമായതോടെ പകൽസമയത്തുപോലും ഗുണ്ടകൾ നാട്ടിൽ അഴിഞ്ഞാടുകയാണ്. സന്ധ്യമയങ്ങിയാൽ ഇവരെ പേടിച്ച് റോഡിലിറങ്ങാൻ ആളുകൾ ധൈര്യപ്പെടാറില്ല.