
കോട്ടയം: ഫോട്ടോഗ്രാഫർ ഇലക്‌ഷന് മത്സരിച്ചാൽ ചിഹ്നത്തിന്റെ കാര്യത്തിൽ സംശയം വേണ്ട: കാമറ തന്നെ. ബാലറ്റ് പേപ്പറിലെ തന്റെ പേരിനൊപ്പം സ്റ്റുഡിയോയുടെ പേരും ചേർത്തിട്ടുണ്ട് ഈ സ്വതന്ത്ര സ്ഥാനാർത്ഥി. 'വൺ ഇന്ത്യ വൺ പെൻഷനെ" പിന്തുണയ്‌ക്കുന്ന 'സാബു ആലപ്പാട്ട് മരിയ സ്റ്റുഡിയോ' ആണ് തന്റെ അന്നത്തെ ചിഹ്നമാക്കിയത്.
കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്തിലെ മണിമല ഡിവിഷനിലെ സ്ഥാനാർത്ഥിയായ സാബു മൂന്ന് പതിറ്റാണ്ടായി ഫോട്ടോഗ്രാഫറാണ്. സ്ഥാനാർത്ഥികളുടെ മുഖം ഒപ്പിയെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സ്ഥാനാർത്ഥിയുടെ കുപ്പായത്തിൽ കാമറയ്‌ക്ക് മുന്നിൽ.
തന്റെ കാനോൺ കാമറയും കഴുത്തിലണിഞ്ഞാണ് പോസ്റ്ററുകൾ. ഫോട്ടോഗ്രാഫർക്ക് കാമറ വിട്ടൊരു കളിയില്ലാത്തതിനാൽ ചിഹ്നം തേടി അധികം അലഞ്ഞില്ല. വോട്ടർമാരെ ഒറ്റ ക്ളിക്കിൽ വീഴ്‌ത്താൻ കാമറയും കൂടെക്കൂട്ടി. വീടുകളിൽ വോട്ട് ചോദിച്ച് ചെല്ലുമ്പോൾ എല്ലാവരുടേയും ഫോട്ടോയെടുക്കും. പിന്നീടത് അവരുടെ വാട്സാപ്പിൽ അയച്ചു കൊടുക്കും. പ്രസ്താവനയും നോട്ടീസും മാത്രമല്ല, ഫോട്ടോയും കിട്ടുമെന്നതനാൽ സാബു വോട്ട് ചോദിച്ചെത്തുന്നത് വോട്ടർമാർക്കും സന്തോഷമാണ്.