
കോട്ടയം: ഇടത് കോട്ടയെന്നറിയപ്പെടുന്ന കുമരകത്ത് ഇക്കുറി അട്ടിമറിയുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിന് വ്യക്തമായ കാരണമുണ്ട്. ഡിവിഷൻ തുടങ്ങിയതിൽ പിന്നെ ഒരു തവണ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്. എല്ലാവരെയും അത്ഭുതപ്പെടുത്തിയ ആ സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ വീണ്ടും മത്സരിക്കുകയാണ്. ഇടത്, വലത് മുന്നണികൾക്കൊപ്പം ബി.ഡി.ജെ.എസും ശക്തമായ സാന്നിദ്ധ്യമാകുമ്പോൾ കുമരകത്തെ മത്സരം വേമ്പനാട്ട് കായലിലെ ഓളം പോലെയാണ്. എന്തും സംഭവിക്കാം.
കോൺഗ്രസിലെ ബീനാ ബിനുവും സി.പി.എമ്മിലെ കെ.വി. ബിന്ദുവും ബി.ഡി.ജെ.എസിലെ ജാൻസി ഗണേഷുമാണ് കുമരകത്ത് പോരാടുന്നത്. ഭൂരിപക്ഷം ലഭിച്ചാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരാണ് ബീനയും ബിന്ദുവും. രണ്ട് പേരും കഴിഞ്ഞ തവണ ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് മെമ്പർമാരായിരുന്നു. ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയാണ് എന്നും കുമരകം. അരിവാൾ ചുറ്റിക നക്ഷത്രം കണ്ടാൽ കണ്ണുമടച്ച് കുത്തുന്ന പ്രകൃതം. ഇവിടെയാണ് 2010ൽ കോൺഗ്രസ് അട്ടിമറി നടത്തിയത്. പക്ഷേ, ഇക്കുറി അത്തരം പാളിച്ചകളൊന്നുമുണ്ടാകില്ലെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു.
കർഷകരും കർഷകത്തൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന കുമരകത്ത് കാർഷിക പ്രശ്നങ്ങളാണ് പ്രധാനം. കൊവിഡ് കളങ്കം ചാർത്തിയ ടൂറിസം മേഖലയുടെ വികസനവും സ്ഥാനാർത്ഥികൾ മുന്നോട്ടുവയ്ക്കുന്നു. കുമരകം പഞ്ചായത്ത് പൂർണമായും തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളുടെ 13 വാർഡുകളും ആർപ്പൂക്കര പഞ്ചായത്തിന്റെ ഒന്നാം വാർഡും അടങ്ങുന്നതാണ് കുമരകം ഡിവിഷൻ. ആർപ്പൂക്കര ഒഴികെയുള്ള പഞ്ചായത്തുകൾ ഭരിക്കുന്നത് ഇടതുപക്ഷമാണ്. കേരളാ കോൺഗ്രസിന്റെ വരവു കൂടിയാകുമ്പോൾ വിജയം ഉറപ്പിച്ച മട്ടിലാണ് അവർ.
 ബീനു ബിനു
2010ൽ കുമരകത്ത് അട്ടിമറി വിജയം നേടിയ ബീന ബിനുവിനെ വീണ്ടും കോൺഗ്രസ് പരീക്ഷിക്കുന്നത് വിജയസാദ്ധ്യത കൂടി നോക്കിയാണ്. പരിപ്പ് ഡിവിഷനിൽ നിന്ന് ജയിച്ച ബീന രണ്ട് തവണ ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിട്ടുണ്ട്. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് .
 കെ.വി.ബിന്ദു
സമ്പൂർണ സാക്ഷരതായജ്ഞത്തിലൂടെ പൊതു പ്രവർത്തനത്തിലെത്തിയ കെ.വി ബിന്ദുവിന്റെ രാഷ്ട്രീയ പ്രവേശനം ഡി.വൈ.എഫ്.ഐയിലൂടെയാണ് . ഡി.വൈ.എഫ്.ഐയുടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റേയും ജില്ലാ കമ്മിറ്റിയംഗമായി പ്രവർത്തിച്ചിട്ടുണ്ട്. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം, കുമരകം പഞ്ചായത്ത് അംഗം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
ജാൻസി ഗണേഷ്
ബി.ഡി.ജെ.എസ് ജില്ലാ ട്രഷററായ ജാൻസി ഗണേഷിന്റെ രാഷ്ട്രീയ പ്രവേശനവും ബി.ഡി.ജെ.എസിലൂടെയാണ്. മുൻപ് ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റായിരുന്നു. ആദ്യമായാണ് മത്സരിക്കുന്നത്. ഡിവിഷനിലെ വ്യക്തി ബന്ധവും സാമുദായിക വോട്ടുകളും തുണയ്ക്കുമെന്നാണ് പ്രതീക്ഷ.
നിർണായകം
 ഇടതുകോട്ടയിൽ ശക്തരായ സ്ഥാനാർത്ഥികൾ
 എസ്.എൻ.ഡി.പി വോട്ടുകൾ നിർണായകം
 ഇരുമുന്നണിയിലും പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കുന്നവർ