rice

കോട്ടയം: സപ്ളൈക്കോയുടെ കുറവിലങ്ങാട് ഗോഡൗണിൽ നിന്ന് 28 ലോഡ് അരി കാണാനില്ല. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ ഗോഡൗൺ മാനേജർ ബിനോയ് നൈനാനെതിരെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 27ന് നടത്തിയ പരിശോധനയിലാണ് ഇത്രയധികം അരി അപ്രത്യക്ഷമായതായി കണ്ടെത്തിയത്. കൊവിഡ് മൂലം ഗോഡൗണിൽ പരിശോധന നടന്നിട്ട് നാളുകളായി. മാർച്ചിലാണ് അവസാനമായി പരിശോധന നടത്തിയത്. അതിന് ശേഷമുള്ള കാലത്തെ കണക്കിലാണ് വ്യത്യാസം. എട്ട് മാസം കൊണ്ട് ഘട്ടം ഘട്ടമായി അരി കടത്തിയതാകാമെന്നാണ് കരുതുന്നത്. സ്വകാര്യ മില്ലുകൾക്ക് മറിച്ചു കൊടുത്തതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. ബിനോയ് നൈനാന് സ്ഥലംമാറ്റത്തെ തുടർന്ന് പുതിയ ഗോഡൗൺ മാനേജർ ചാർജെടുക്കാനിരിക്കേയാണ് ക്രമക്കേട് കണ്ടെത്തിയത്. മഴസമയത്ത് വെള്ളംകയറി അരിയും പയറും അടക്കം 30 ലോഡ് സാധനങ്ങൾ നശിച്ചിരുന്നു. ഇവയ്ക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്.

'' കൊവിഡിന് ശേഷം ഇപ്പോഴാണ് പരിശോധന നടത്തിയത്. ഇത്രയധികം ലോഡ് അരി എങ്ങോട്ടു പോയി എന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. പരിശോധനാ റിപ്പോർട്ട് റീജിയണൽ ഓഫീസിലേയ്ക്ക് അയച്ചിട്ടുണ്ട്. ''

എസ്. കണ്ണൻ, ഡിപ്പോ മാനേജർ.