rain

മലയോരത്ത് ഉരുൾപൊട്ടാൻ സാദ്ധ്യത

കോട്ടയം: ന്യൂനമർദ്ദത്തെത്തുടർന്ന് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം. കളക്ടർ എം. അഞ്ജനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി (ഡി.ഡി.എം.എ) യുടെ അടിയന്തര യോഗം മുൻകരുതലുകൾ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി.

ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡി.ഡി.എം.എ നിർദേശിച്ചു. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ യോഗം നിർദേശിച്ചു. മുൻപ് ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന കേന്ദ്രങ്ങൾ പോളിംഗ് കേന്ദ്രങ്ങളാക്കിയതിനാൽ പകരം സംവിധാനം കണ്ടെത്തണം. കെ.എസ്.ഇ.ബി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.

മറ്റ് മുൻകരുതലുകൾ

 മുൻപ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായിടങ്ങളിൽ ക്യാമ്പുകൾ സജ്ജമാക്കും

 മലഞ്ചെരിവുകൾ, ഒറ്റപ്പെട്ട പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവരെ ക്യാമ്പുകളിലാക്കും

 ദുരിതാശ്വാസ ക്യാമ്പുകളാക്കുന്നതിനുള്ള സ്ഥാപനങ്ങൾ മുൻകൂട്ടി സജ്ജമാക്കണം

 കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പഞ്ചായത്തുകളിലും കൺട്രോൾ റൂമുകൾ
 വഴിവക്കിലും മറ്റും അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കാൻ നിർദേശം