കട്ടപ്പന: എന്നും വികസനത്തിന്ഒ മുൻതൂക്കം നൽകി പൊതുരംഗത്ത് പേരെടുത്ത ഗിരീഷ് മാലിയിൽ വാർഡ് മാറുമ്പോഴും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. പതിറ്റാണ്ടായി അമ്പലക്കവല വാർഡിന്റെ വികസന മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച ഗിരീഷ് മാലിയിൽ ഇത്തവണ കടമാക്കുഴി വാർഡിലാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ്. അമ്പലക്കവല മോഡൽ വികസനം കടമാക്കുഴിയിലും യാഥാർഥ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ വിജയപ്രതീക്ഷയിലാണ് അവസാനഘട്ട പ്രചരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. അമ്പലക്കവല പട്ടികവർഗ കോളനിയെ സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് കോളനിയാക്കി മാറ്റിയതിനു പിന്നിൽ ഗിരീഷ് മാലിയിലിന്റെ പ്രയത്‌നമാണ്. കോളനിയിലെ റോഡുകൾ മികച്ച നിലവാരത്തിൽ നിർമിച്ചു. ഓരോ വീടുകളിലേക്കുമുള്ള നടപ്പാതകൾ ടൈലുകൾ പതിപ്പിച്ച് മനോഹരമാക്കി. വെളിച്ചത്തിനായി മിനി സോളാർ സിസ്റ്റവും സ്ഥാപിച്ചു. തുറന്ന കിണർ, കുഴൽക്കിണർ എന്നിവയിൽ നിന്നു ഒരേസമയം കോളനിയിലെ വീടുകളിലും മറ്റുള്ളവർക്കും വെള്ളം ലഭ്യമാക്കി.
കൂടാതെ അമ്പലക്കവല വാർഡിലെ റോഡുകൾ ടാർ ചെയ്തും ഇടവഴികൾ കോൺക്രീറ്റ് ചെയ്തും സഞ്ചാരയോഗ്യമാക്കി. പത്തോളം കുടിവെള്ള പദ്ധതികളിലായി 200ൽപ്പരം ഗുണഭോക്താക്കളാണ് ഇവിടെയുള്ളത്. വഴിവിളക്കുകളും മുൻ എം.പിയുടെ ഫണ്ടിൽ നിന്നു ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചു. സർക്കാരിൽ സമ്മർദം ചെലുത്തി 15.9 ലക്ഷം രൂപയുടെ ട്രാൻസ്‌ഫോമർ ഒ.ജെ. നഗറിൽ സ്ഥാപിച്ചതോടെ വോൾട്ടേജ് ക്ഷാമത്തിനു പരിഹാരമായി. കുട്ടികളുടെ കലാകായിക മികവുകൾ പരിപോഷിപ്പിക്കുന്നതിനായുള്ള ഏക പ്രതിഭ കേന്ദ്രവും അമ്പലക്കവല വാർഡിന് സ്വന്തം. വാർഡിലെ ആളുകളുടെ ഏതൊരു ആവശ്യത്തിനും വിളിപ്പുറത്തെത്തുന്ന ജനപ്രതിനിധിയായി ഗിരീഷ് മാലിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ മികച്ച വിജയം ഇത്തവണ കടമാക്കുഴി വാർഡിലും ആവർത്തിക്കുമെന്ന ഉറച്ചപ്രതീക്ഷയിലാണ് ഗിരീഷ് മാലിയിൽ.