ഇന്നു മുതൽ എല്ലാവർക്കും ഭക്ഷണം കഴിക്കാം
ഉത്തരവ് പിൻവലിച്ചിട്ടില്ല
കട്ടപ്പന: ജില്ലയിലെ പൊലീസ് കാന്റീനുകളിൽ പൊതുജനങ്ങളെ വിലക്കില്ല. ഇടുക്കി എസ്.പിയുടെ വിവാദ ഉത്തരവ് പിൻവലിച്ചിട്ടില്ലെങ്കിലും തൽസ്ഥിതി തുടരാൻ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകി. 'കേരള കൗമുദി' വാർത്ത ശ്രദ്ധയിൽപെട്ട ഡി.ജി.പിയുടെ നിർദേശപ്രകാരം ആറ് പൊലീസ് കാന്റീനുകളുടെയും ചുമതലയുള്ള സി.ഐമാർ തിങ്കളാഴ്ച തിരുവനന്തപുരത്തെ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെത്തി വിശദീകരണം നൽകിയിരുന്നു. പൊതുജനങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സ്ഥാപനമെന്ന നിലയിൽ കാന്റീനുകൾക്ക് ആളുകൾക്കിടയിലുള്ള സ്വാധീനം ഡി.ജി.പിയെ ബോദ്ധ്യപ്പെടുത്തി. തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ കാന്റീനുകളിൽ പൊതുജനങ്ങളെയും പ്രവേശിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. ഇന്നുമുതൽ മുഴുവൻ കാന്റീനുകളിലും എല്ലാവർക്കും കയറി ഭക്ഷണം കഴിക്കാം.
തൊടുപുഴ, കട്ടപ്പന, മൂന്നാർ, അടിമാലി, പീരുമേട്, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് ജനമൈത്രി പൊലീസ് കാന്റീനുകൾ പ്രവർത്തിച്ചുവരുന്നത്.
ജില്ലയിലെ പൊലീസ് കാന്റീനുകളുടെ സേവനം പൊലീസ് ഉദ്യോഗസ്ഥർക്കു മാത്രമായി ചുരുക്കി ജില്ലാ പൊലീസ് മേധാവിയുടെ വിവാദ ഉത്തരവ് കഴിഞ്ഞ 26നാണ് പുറത്തിറങ്ങിയത്. എന്നാൽ എന്നാൽ ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യവും അവ്യക്തമായിരുന്നു. പൊലീസും പൊതുജനങ്ങളും അടുത്തിടപഴകുന്ന സ്ഥാപനം എന്ന നിലയിൽ കാന്റീനുകളുടെ സേവനം നിയന്ത്രിച്ചുള്ള ഉത്തരവിനെതിരെ സേനയ്ക്കുള്ളിലും അമർഷമുണ്ടായിരുന്നു.