കട്ടപ്പന: കട്ടപ്പന നഗരസഭയുടെ സമഗ്ര വികസനം മുൻനിർത്തിയുള്ള എൽ.ഡി.എഫ്. പ്രകടന പത്രിക പുറത്തിറക്കി. മാറാൻ കൊതിക്കുന്ന കട്ടപ്പന മാറാൻ ഉറച്ച് ജനങ്ങളും എന്ന പേരിൽ തയാറാക്കിയ പത്രിക കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ സി.പി.എം. കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി പ്രകാശനം ചെയ്തു. കട്ടപ്പനയുടെ സമഗ്രവും സുസ്ഥിരവുമായ വികസനമാണ് പ്രകടന പത്രികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. കട്ടപ്പന നഗരസഭ പാർക്ക്, ആധുനിക സ്റ്റേഡിയം, ശുദ്ധജലം, വഴിവിളക്കുകൾ, മെച്ചപ്പെട്ട ഗതാഗതസൗകര്യം, മൃഗസംരക്ഷണം, ചെറുകിട വ്യവസായങ്ങൾ, ജൈവപച്ചക്കറി കൃഷി, മൂല്യവർദ്ധിത കാർഷികോത്പ്പന്നങ്ങൾ, ടൂറിസം വികസനം, മാലിന്യ സംസ്‌കരണം, ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ ഉന്നമനം, ഭവനരഹിതരായവർക്ക് അഞ്ച് സെന്റ് സ്ഥലവും വീടും, വനിതശിശുക്ഷേമം തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളിച്ചിരിക്കുന്നു. നേതാക്കളായ രാജൻ മുതുകുളം, മനോജ് എം.തോമസ്, കെ.എൻ. വിനീഷ്‌കുമാർ, ടോമി ജോർജ്, വി.എസ്. അഭിലാഷ്, ഐൻസ് തോമസ് എന്നിവരും പങ്കെടുത്തു.