election

ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയിലെ മൂന്ന് മുന്നണികളിലും കുടുംബാധിപത്യം തുടരുന്നു. കഴിഞ്ഞ തവണ ഭർത്താക്കൻമാർ മത്സരിച്ച വാർഡുകളിൽ ഇത്തവണ ഭാര്യ മത്സരിക്കുമ്പോൾ ഭാര്യ സ്ഥാനമൊഴിഞ്ഞിടത്ത് ഭർത്താക്കൻമാരാണ് സ്ഥാനാർത്ഥികൾ. ചങ്ങനാശേരി നഗരസഭയിലെ എട്ട് വാർഡുകളിലാണ് ഇങ്ങനെ മത്സരം അരങ്ങേറുന്നത്. കഴിഞ്ഞ തവണ സംവരണ വാർഡായിരുന്നത് ഇത്തവണ ജനറൽ വാർഡായി.

നഗരസഭ രണ്ടാം വാർഡിൽ കൗൺസിലറായിരുന്ന എൽ.ഡി.എഫിലെ ലതാ രാജേന്ദ്രപ്രസാദിനു പകരം ഭർത്താവ് രാജേന്ദ്രപ്രസാദാണ് ഇത്തവണ മത്സരരംഗത്തുള്ളത്. 13ാം വാർഡിൽ യു.ഡി.എഫിലെ ഷംന സിയാദാണ് കഴിഞ്ഞ തവണ പ്രതിനിധീകരിച്ചത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ ഭർത്താവ് സിയാദ് അബ്ദുൾ റഹ്മാനാണ് ഇവിടെ ഇത്തവണ ജനവിധി തേടുന്നത്. 14ാം വാർഡിൽ കോൺഗ്രസ് അംഗം കെ.എം. നെജിയ ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. 2010-15 വർഷം ഈ വാർഡിനെ പ്രതിനിധീകരിച്ചത് നെജിയയുടെ ഭർത്താവ് പി.എൻ. നൗഷാദായിരുന്നു. അന്നമ്മ രാജു ചാക്കോയാണ് കഴിഞ്ഞ തവണ നഗരസഭ 17ാം വാർഡിൽ യു.ഡി.എഫ് കൗൺസിലറായിരുന്നത്. ഇത്തവണ ഭർത്താവ് രാജു ചാക്കോയാണ് വാർഡിലെ സ്ഥാനാർത്ഥി.

29ാം വാർഡിനെ മാറിമാറി പ്രതിനിധീകരിക്കുന്നവരാണ് എം.എച്ച് ഹനീഫയും ഭാര്യ ആമിന ഹനീഫയും. കഴിഞ്ഞ 35 വർഷത്തിലധികമായി എം.എച്ച് ഹനീഫ ആണ് വാർഡിനെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണ ആമിനയാണ് വിജയിച്ചത്. ഇത്തവണ എം.എച്ച്. ഹനീഫയാണ് യു.ഡി.എഫ് സ്ഥാനാർഥി.

21ാം വാർഡിൽ ബി.ജെ.പിയുടെ കൗൺസിലറായിരുന്നത് എൻ.പി. കൃഷ്ണകുമാറായിരുന്നു. ഇത്തവണ ഭാര്യ എൽ.വിജയലക്ഷ്മി കൃഷ്ണകുമാറിനെയാണ് ബി.ജെ.പി മത്സരത്തിനിറക്കിയിരിക്കുന്നത്. യു.ഡി.എഫ് അംഗം ജെസി വർഗീസായിരുന്നു 33ാം വാർഡിനെ പ്രതിനിധീകരിച്ചിരുന്നത്. ഇത്തവണ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ഭർത്താവുമായ വർഗീസ് തോമസ് ( ബാബു തോമസ് ) ആണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. 35ാം വാർഡിനെ എൽ.ഡി.എഫ് കൗൺസിലർ ടി.പി. അജികുമാറാണ് പ്രതിനിധീകരിച്ചിരുന്നത്. ഇത്തവണ അജിയുടെ ഭാര്യ ഗീത അജികുമാറാണ് മത്സരിക്കുന്നത്. 36ാം വാർഡിൽ എൽ.ഡി.എഫ് കൗൺസിലറായിരുന്ന രേഖ ശിവകുമാറിന്റെ ഭർത്താവ് ആർ. ശിവകുമാറാണ് ഇത്തവണ ജനവിധി തേടുന്നത്. വാർഡ് 35ലും 36 ലും മൂന്നാം തവണയാണ് ഈ കുടുംബങ്ങൾ മത്സരത്തിന് ഇറങ്ങുന്നത്.