
കോട്ടയം: ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേന യുടെ സംഘങ്ങൾ എത്തി. മൂന്നാർ, പൈനാവ് എന്നിവിടങ്ങളിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. മൂന്നാറിൽ ഇൻസ്പെക്ടർ ജയന്തോ കുമാർ മണ്ഡലും പൈനാവിൽ ഉദിത് കുമാർ ദീക്ഷിതും ആണ് സംഘങ്ങളെ നയിക്കുന്നത്. 20 പേർ വീതമാണ് ഓരോ സംഘത്തിലുമുള്ളത്. ഫോൺ: 87006 22536 ( മനീഷ് )പുതിയ സാഹചര്യം കണക്കിലെടുത്ത് ഡെപ്യൂട്ടി കമൻഡാന്റ് രാജൻ ബാബുവിന്റെ നേതൃത്വത്തിൽ എട്ട് ടീമുകളാണ് കേരളത്തിലെത്തിയിട്ടുള്ളത്. കേരളത്തിൽ തുലാവർഷം ശക്തമാകുന്നതിന്റെ ഭാഗമായി കുമളി പഞ്ചായത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളാ തമിഴ്നാട് അതിർത്തിയായ കുമളിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗരൂഗരായിരിക്കണമെന്ന നിർദ്ദേശമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്ന് ജില്ലയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടുള്ള മേഖലകളിൽ ശക്തമായ മഴ ലഭിക്കുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യത മുൻനിർത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമാകാത്ത രീതിയിൽ തയ്യാറെടുപ്പുകൾ നടത്തണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.