attack


 ആക്രമണം കഞ്ചാവ് ലഹരിയിൽ

കോട്ടയം: എസ്.എൻ.ഡി.പി യോഗം മാങ്ങാനം ശാഖാ ഗുരുദേവക്ഷേത്രം ആക്രമിച്ച യുവാവ് അറസ്റ്റിൽ. സി.സി.ടി.വിയിൽ കുടുങ്ങിയ പ്രതി പുതുപ്പള്ളി തച്ചുകുന്നേൽ അഖിലിനെ (പ്രിൻസ്, 26) ഈസ്റ്റ് പൊലീസ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊക്കി. കഞ്ചാവിന് അടിമയായ ഇയാൾ പോക്സോ കേസ് പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ അർദ്ധരാത്രി 12.30നായിരുന്നു സംഭവം. കോട്ടയം-പുതുപ്പള്ളി റോഡരികിലുള്ള ശാഖാ മൈതാനത്താണ് ക്ഷേത്രം . മതിൽ ചാടിക്കടന്ന പ്രതി തോർത്തുപയോഗിച്ച് മുഖം മറച്ച ശേഷം കൽവിളക്ക്, ഹോമകുണ്ഡം,​ ഓംവിളക്കുകൾ,​ ചെടിച്ചട്ടികൾ,​ പീഠങ്ങൾ തുടങ്ങിയവ കമ്പികൊണ്ട് അടിച്ചു തകർക്കുകയായിരുന്നു. പുലർച്ചെ അഞ്ചോടെ നടക്കാനിറങ്ങിയവരാണ് ഇവ തകർക്കപ്പെട്ട നിലയിൽ കണ്ടത്. ഇവർ ക്ഷേത്രം ഭാരവാഹികളെ അറിയിച്ചു. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി പരിശോധിച്ചപ്പോൾ അഖിലാണെന്ന് സംഭവത്തിനു പിന്നിലെന്ന് മനസിലായി. ഗുരുദേവക്ഷേത്രം ആക്രമിക്കുന്നതിന് മുന്നേ രാത്രി പുതുപ്പള്ളിയിൽ ബേക്കറിയോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന ശ്രീജിത് എന്നയാളുടെ ഇന്നോവാ കാറും കല്ലിന് ഇടിച്ച് പ്രതി കേടുവരുത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അഖിൽ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറഞ്ഞു. മുൻപ് ദേവലോകത്ത് ഓർത്തഡോക്സ് സഭയുടെ കുരിശടി തകർത്ത കേസിലും ഇയാൾ അറസ്റ്റിലായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.പി ബിനോയ്, എസ്.ഐ രഞ്ജിത്ത് വിശ്വനാഥൻ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.