പൊൻകുന്നം : കഴിഞ്ഞ 25 വർഷങ്ങളായി എൽ.ഡി.എഫ് ഭരിക്കുന്ന ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ശക്തമായ ത്രികോണമത്സരം. ഭരണം നിലനിറുത്താനും പിടിച്ചെടുക്കാനുമുള്ള പോരാട്ടത്തിൽ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ എടുത്തുകാട്ടിയാണ് എൽ.ഡി.എഫ് പ്രചരണം. യു.ഡി.എഫ് തകർന്നെന്നും ഇക്കുറി 20 സീറ്റുകളിലും ജയിക്കാനാകുമെന്ന പ്രതീക്ഷയാണ് എൽ.ഡി.എഫ് നേതാക്കൾ പങ്കുവയ്ക്കുന്നത്. മുതിർന്നവരും ചെറുപ്പക്കാരുമടക്കം ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി പ്രചരണത്തിൽ മുന്നിലാണ് എൽ.ഡി.എഫ്. യു.ഡി.എഫിന് പഞ്ചായത്ത് കൈവിട്ടിട്ട് കാൽനൂറ്റാണ്ടായി. അതിശക്തമായ തിരിച്ചുവരവിനാണ് മുന്നണി തയ്യാറെടുക്കുന്നത്. ചിറക്കടവിൽ എൽ.ഡി.എഫും.എൻ.ഡി.എയും തമ്മിലാണ് മത്സരമെന്ന് ബി.ജെ.പി പറയുന്നു. നേതാക്കൾ താഴേത്തട്ടിലേക്കിറങ്ങി അടിത്തറ വിപുലമാക്കി അടുക്കും ചിട്ടയുമുള്ള പ്രവർത്തനമാണ് യു.ഡി.എഫ് നടത്തുന്നത്. കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടുപോയത് തങ്ങളെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് തെളിയിക്കാനൊരുങ്ങുകയാണ് കോൺഗ്രസ് പ്രവർത്തകർ. കഴിഞ്ഞതവണ അഞ്ചു സീറ്റിലാണ് യു.ഡി.എഫ്.ജയിച്ചത്. അതിൽ മൂന്നുപേർ മാണി ഗ്രൂപ്പ് അംഗങ്ങളായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്ന മുഴുവൻ വോട്ടർമാരെയും കൂടെ നിറുത്തുകയാണ് ലക്ഷ്യം. ഭരണകക്ഷിയുടെ അഴിമതിയും വികസനമില്ലായ്മയുമാണ് പ്രചാരണവിഷയം.

ബി.ജെ.പിയ്ക്ക് വാനോളം ആത്മവിശ്വാസം

കഴിഞ്ഞതവണ ആറുസീറ്റ് നേടി മുഖ്യപ്രതിപക്ഷമായി മാറിയ ബി.ജെ.പിയുടെ ആത്മവിശ്വാസം ചെറുതല്ല.ജില്ലയിൽ അവർ ഭരണം പ്രതീക്ഷിക്കുന്ന പഞ്ചായത്തുകളിൽ ഒന്നാണ് ചിറക്കടവ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പേ തുടങ്ങിയതാണ് പ്രചാരണം. ന്യൂനപക്ഷഭരണത്തിന്റെ അഴിമതിയ്ക്കും പക്ഷപാത നിലപാടുകൾക്കുമെതിരെ നിരന്തര സമരം നടത്തിയും ഓരോ വാർഡിലും പ്രവർത്തകരുടെ സാന്നിദ്ധ്യമുറപ്പിച്ചും കാലേക്കൂട്ടി തുടങ്ങിയ ഒരുക്കങ്ങൾ അന്തിമവിജയത്തിലെത്തുമെന്ന പ്രതീക്ഷയിലാണെന്ന് നേതാക്കൾ പറഞ്ഞു.