
കോട്ടയം: പരസ്യ പ്രചാരണം സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി കൊഴുപ്പിച്ചിട്ടും കൊവിഡ് മൂലം പോളിംഗ് ശതമാനം കുറയുമോ എന്ന ഭീതിയിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. അറുപതുകഴിഞ്ഞ പലരും കൊവിഡ് വ്യാപനം ശക്തമായ ശേഷം പുറത്തിറങ്ങിയിട്ടില്ല. സ്ഥാനാർത്ഥികളെയും പുറത്തു നിറുത്തി കൊവിഡ് പ്രതിരോധ വലയം തീർത്ത് വീട്ടിലിരിക്കുന്നവർ മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചു ക്യൂ നിന്നും സാനിറ്റൈസർ പുരട്ടിയും ബൂത്തിലെത്തുമോ എന്ന ഭയം കൂടുതലും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കാണ് . രണ്ടടി അകലം പാലിച്ചു ക്യൂ നിൽക്കണം. പോളിംഗ് ഇക്കാരണത്താൽ വൈകാം. പ്രായമായ പലർക്കും ഏറെ നേരം ക്യൂ നിൽക്കുക ആരോഗ്യ പ്രശ്നവുമാകാം.
പോളിംഗ് സ്റ്റേഷനുകളിൽ കൊവിഡ് രോഗിയെത്തിയെന്ന വ്യാജ പ്രചാരണം നടത്തി ഉച്ചകഴിഞ്ഞ് വോട്ടർമാരെ ഭയപ്പെടുത്തി വോട്ടു ചെയ്യുന്നതിൽ നിന്ന് അകറ്റാൻ ശ്രമമുണ്ടാ്കുമെന്ന് യു.ഡി.എഫ് നേതാക്കൾ ഭയക്കുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇത്തരം പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
അതേ സമയം തങ്ങളുടെ വോട്ടർമാർ കൊവിഡ് നിയന്ത്രണം അനുസരിച്ച് പോളിംഗ് സ്റ്റേഷനിലുമെത്തുമെന്നും പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പാർട്ടി പ്രാദേശിക ഘടകങ്ങൾക്ക് കർശനം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇടതു നേതാക്കൾ പറഞ്ഞു.
ഒരാഴ്ച മാത്രം ശേഷിക്കുമ്പോഴും കൊവിഡ് വ്യാപനം കാരണം പ്രചാരണം ഇനിയും ചൂടു പിടിച്ചിട്ടില്ല . ഓൺലൈൻ പ്രചാരണം എല്ലാ മുന്നണികളും നടത്തുന്നുണ്ടെങ്കിലും ഇത് കൃത്യമായി വോട്ടർമാരിൽ എത്തിയോ എന്ന സംശയം പൊതുവേയുണ്ട്. യു.ഡി.എഫ് ,എൻ.ഡി.എ സംസ്ഥാന നേതാക്കൾ വരെ കുടുംബയോഗങ്ങളിലും പ്രവർത്തക കൺവെൻഷനുകളിലും നേരിട്ട് പങ്കെടുക്കുന്നുണ്ട് . മുഖ്യമന്ത്രിയും ഇടതു മുന്നണി ഘടകകക്ഷി നേതാക്കളുമെല്ലാം ഓൺലൈൻ പ്രചാരണമാണ് നടത്തുന്നത്. ഇത് ബിഗ് സ്ക്രീനിൽ കുടുംബയോഗങ്ങളിൽ പ്രദർശിപ്പിക്കുകയാണ്.
ശബ്ദസന്ദേശം വഴി പ്രചാരണം
പല സ്ഥാനാർത്ഥികളും പ്രവർത്തകരും ക്വാറന്റൈനിലാണ്. വീഡിയോ സന്ദേശം വഴിയും നേതാക്കളെയും വോട്ടർമാരെയും ഉപയോഗിച്ചും ഫേസ് ബുക്ക് പോസ്റ്റു വഴിയുമാണ് ഇവരുടെ പ്രചാരണം . നേതാക്കളെയും കൊവിഡ് പിടികൂടി. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് കൊവിഡ് പോസിറ്റീവായി സ്വകാര്യ ആശുപത്രിയിൽ ക്വാറന്റൈനിലാണെങ്കിലും ശബ്ദ സന്ദേശം വഴി പ്രചാരണം തുടരുകയാണ്.
മുതിർന്ന പൗരൻമാർ ആലോചിക്കുന്നു,
വോട്ട് ചെയ്യണോ ?
കൊവിഡ് മാനദണ്ഡങ്ങളുടെ പൊല്ലാപ്പെല്ലാം സഹിച്ചു വോട്ട് ചെയ്യണോ എന്ന് പല റെസിഡന്റ്സ് അസോസിയേഷനുകളിലേയും സീനിയർ സിറ്റിസൺസ് ഫോറങ്ങളിൽ ചർച്ചയായിട്ടുണ്ട്. പത്തു വയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി ബൂത്തിലെത്താൻ വിലക്കുണ്ട്. മുലകുടി മാറാത്ത കുട്ടികളുമായിട്ടായിരുന്നു വീട്ടമ്മമാർ വോട്ട് ചെയ്യാൻ എത്താറുള്ളത്. കൊവിഡ് നിയന്ത്രണ മാനദണ്ഡം ഇത്തരം വീട്ടമ്മമാരെയും ബൂത്തിൽ നിന്ന് അകറ്റിയേക്കാം .