വൈക്കം : വെച്ചൂർ പൊന്നങ്കരി പോട്ടക്കരി പാടശേഖരത്തിലെ നെൽകൃഷി വിളപ്പെടുപ്പിൽ കർഷകർക്ക് കനത്ത നഷ്ടം. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മുങ്ങിയ നെൽകൃഷിയെ രാപ്പകൽ ഉറക്കമിളച്ച് രക്ഷിച്ചെടുത്ത കർഷകർക്ക് വിളവെടുത്തപ്പോൾ കൊയ്ത്ത് യന്ത്രത്തിന് കൊടുത്ത വാടക പോലും ലഭിച്ചില്ല. കഴിഞ്ഞ തവണ ഏക്കറിന് 22ക്വിന്റൽ നെല്ല് ലഭിച്ച കർഷകർക്ക് ഇക്കുറി രണ്ട് ക്വിന്റൽ നെല്ലാണ് ലഭിച്ചത്. 50 സെന്റ് മുതൽ ഒരേക്കർവരെ നിലമുള്ള 30ലധികം കർഷകരാണ് പൊന്നങ്കരി പാടശേഖരത്തുള്ളത്.വെച്ചൂർ ഇടയാഴം കോളനി നിവാസി അമ്മിണി ഒരേക്കറിൽ നടത്തിയ കൃഷിയിൽ രണ്ട് ക്വിന്റൽ നെല്ലാണ് ലഭിച്ചത്.തലയാഴം ഉല്ലല പുത്തൻതറയിൽ സന്തോഷ് 50 സെന്റിൽ നടത്തിയ കൃഷിയിൽ ഒരു ക്വിന്റൽ നെല്ലാണ് ലഭിച്ചത്. കഴിഞ്ഞ തവണ സന്തോഷിന് 12 ക്വിന്റൽ നെല്ല് ലഭിച്ചിരുന്നു. പൊന്നങ്കരി പോട്ടക്കരി പാടശേഖരത്തിനു സമീപം താമസിക്കുന്ന പാപ്പയ്ക്ക് ഒരേക്കറിൽ നടത്തിയ കൃഷിയിൽ നാല് ക്വിന്റൽ നെല്ലു ലഭിച്ചു. കഴിഞ്ഞതവണ 22 ഏക്കർ നെല്ലു ലഭിച്ച സ്ഥാനത്താണ് പാപ്പയ്ക്ക് ഈ തിരിച്ചടി നേരിട്ടത്.
യന്ത്രവാടക മണിക്കൂറിന് 2000
മണിക്കൂറിന് 2000 രൂപ കൊയ്ത്തുയന്ത്രത്തിനു വാടക നൽകിയാണ് നെല്ല് കൊയ്തത്. ഏക്കറിന് 20000 രൂപയോളം മുടക്കിയാണ് കർഷകർ കൃഷിയിറക്കിയത്. വായ്പയെടുത്തും സ്വർണം പണയം വച്ചും കൃഷിയിറക്കിയ കർഷകർക്ക് കൃഷി നശിച്ചതോടെ വലിയ സാമ്പത്തിക ബാദ്ധ്യതയാണുണ്ടായിരിക്കുന്നത്.