
ചങ്ങനാശേരി : മുന്നണികൾ വ്യത്യസ്തമാണെങ്കിലും തങ്ങളുടെ നാട്ടിലെ സ്ഥാനാർത്ഥികൾക്കായി സൗഹൃദപരമായ പോസ്റ്റർ പ്രചരണത്തിലാണ് അമ്പലക്കവലയിലെ നാട്ടുകാർ. വാകത്താനം പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകൾ പിന്നിടുന്ന തൃക്കോതമംഗലം അമ്പലക്കവലയിലാണ് വ്യത്യസ്തമായ സ്ഥാനാർത്ഥി പ്രചരണം. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച വേളയിൽ തന്നെ പ്രദേശത്തെ നാട്ടുകാരുടെയും ഒരുപറ്റം യുവാക്കളുടെയും ആശയമാണ് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ ഒന്നിച്ച് പ്രദർശിപ്പിക്കുക എന്നത്. സ്വതന്ത്രരുടെ വരെയുണ്ട് ഇക്കൂട്ടത്തിൽ.
വാർഡ് തലത്തിൽ മാത്രമല്ല, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും പോസ്റ്ററുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികൾ രണ്ടു വാർഡുകളിലാണെങ്കിലും കടുത്ത മത്സരമാണ് അരങ്ങേറുന്നതെങ്കിലും എല്ലാവരും അയൽക്കാരും സുപരിചതരുമാണ്. ഇത് ഇത്തരത്തിലുള്ള പ്രചരണത്തിന് ആക്കം കൂട്ടി. പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നതിനായി പ്രദേശത്തെ സ്ഥലം ഉടമയായ കരോട്ട് വാഴക്കാല തന്റെ സ്ഥലവും മതിലും പോസ്റ്ററുകൾ പതിപ്പിക്കുന്നതിനായി വിട്ടുനല്കി. ജംഗ്ഷനിലേ നാലുവശത്തും ചെറുതും വലുതുമായ പോസ്റ്ററുകളും കൂടാതെ, കയറിൽ തോരണം ചാർത്തുന്ന തരത്തിലും പോസ്റ്ററുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ ആദ്യഘട്ടത്തിൽ പ്രദർശിപ്പിച്ചിരുന്ന പോസ്റ്ററുകൾ നശിച്ചു പോയിരുന്നു. അതിനാൽ, വീണ്ടും പുതിയ പോസ്റ്ററുകൾ പതിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികളായ ദിവാകരൻ, പ്രദീപ്, സുബിൻ, ജോൺസൺ, ജിജി തുടങ്ങിയവർ.