
പാലാ: പൊക്കമില്ലായ്‌മ നേട്ടമാക്കി മാറ്റിയ ചരിത്രമാണ് രാജൻ മുണ്ടമറ്റത്തിന്റേത്. മുത്തോലിപ്പഞ്ചായത്തിനെ വികസന കുതിപ്പിലെത്തിച്ചതിന്റെ ക്രെഡിറ്റുമായാണ് രാജൻ മുണ്ടമറ്റം ഇത്തവണയും മത്സരിക്കുന്നത്. മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന രാജന്റെ ഉയരം കഷ്ടിച്ച് നാലടിയാണ്!
മുത്തോലി പഞ്ചായത്തിത്തിൽ സംസ്ഥാന-ജില്ലാതല മികവിന്റെ പുരസ്‌കാരം പലതവണ എത്തിച്ചതിന് പിന്നിലെ പ്രധാനിയും ഈ 'കൊച്ചു രാജൻ"നാണ്. 18 വർഷമായി രാജൻ പഞ്ചായത്തു മെമ്പറാണ്. 2002ൽ രാജന്റെ അച്ഛൻ രാമകൃഷ്ണൻ മുണ്ടമറ്റമായിരുന്നു മുത്തോലി പഞ്ചായത്ത് പ്രസിഡന്റ്. അദ്ദേഹത്തിന്റെ മരണ ശേഷമുള്ള ഉപതിരഞ്ഞെടുപ്പൂടെയാണ് രാജൻ ആദ്യമായി മുത്തോലി പഞ്ചായത്തിലെത്തിയത്. തുടർന്നാണ് രാജന്റെ 18 വർഷത്തെ ജൈത്രയാത്ര തുടങ്ങിയത്.
2010ൽ മൂന്നു വർഷം പഞ്ചായത്തു പ്രസിഡന്റായിരുന്നു. 2005ലും 2015ലും വൈസ് പ്രസിഡന്റുമായി. പുലിയന്നൂർ സൗത്ത്, ക്ഷേത്രം, അള്ളുങ്കൽ വാർഡുകളിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടുള്ള ഈ 49കാരൻ ഇപ്പോൾ മുത്താലിയിലാണ് ജനവിധി തേടുന്നത്.
കേരളാ കോൺഗ്രസ് എം പ്രതിനിധിയായ രാജൻ, കെ.എം. മാണിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. ഇത്തവണ മുത്തോലി സീറ്റ് രാജന് സമ്മാനിച്ചത് പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേരിട്ടാണ്. ഭാര്യ ഷീജ സഹകരണ ബാങ്ക് ഉദ്യോഗസ്ഥയാണ്. ധ്രുവ ലക്ഷ്മി, ദക്ഷ് ധാർമ്മിക് എന്നിവരാണ് മക്കൾ.