പാലാ : പാലായിലും പരിസരപ്രദേശങ്ങളിലുമായി ഇന്നലെ 27 പുതിയ കൊവിഡ് കേസുകൾ. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ രോഗികളുടെ എണ്ണം 130 ആയി ഉയർന്നു. ജനങ്ങളുടെ ജാഗ്രതക്കുറവും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് രോഗം വ്യാപകമാകാൻ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥികളും മുന്നണി നേതാക്കളും സാമൂഹ്യഅകലം പാലിക്കുന്നതിലും മാസ്‌ക് ധരിക്കുന്നതിനും മുൻകരുതൽ സ്വീകരിക്കുന്നില്ല. ഈ സ്ഥിതി തുടർന്നാൽ രോഗവ്യാപനം വർദ്ധിച്ചേക്കാമെന്നാണ് ആശങ്ക.

ഇന്നലെ 15 പേർക്ക് പിഴ
ഇന്നലെ പാലാ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ മാസ്‌ക് യഥാവിധി ധരിക്കാത്ത ആറുപേർക്കെതിരെയും, സാമൂഹ്യഅകലം പാലിക്കാതെ കൂട്ടംകൂടിനിന്ന 9 പേർക്കെതിരെയും കേസെടുത്ത് പിഴ അടപ്പിച്ചു. വരുംദിവസങ്ങളിലും പരിശോധന വ്യാപകമാക്കുമെന്ന് പൊലീസ് അറിയിച്ചു.