വൈക്കം : മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് മൂത്തേടത്തുകാവ്, കൂട്ടുമ്മേൽ എന്നീ ക്ഷേത്രങ്ങളിൽ നിന്നുമുള്ള എഴുന്നള്ളിപ്പിന് ആനയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ജില്ലാ ഭരണകൂടത്തിന് കത്ത് നല്കി. പുരാതനം കാലം മുതൽ തന്നെ വൈക്കത്തഷ്ടമി വിളക്കിന് മൂത്തേടത്ത് കാവ് ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിപ് വൈക്കം ക്ഷേത്രത്തിൽ വരാറുണ്ട്. മൂത്തേടത്തുകാവ് ഭഗവതി വൈക്കത്തപ്പന്റെ പുത്രിയാണന്നാണ് വിശ്വാസം. മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ഉൽസവത്തോട് അനുബന്ധിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലും ഇറക്കിയെഴുന്നള്ളിപ്പും വിശേഷാൽ വഴിപാടുകളും നടത്തുക പതിവുണ്ട്. വൈക്കത്തഷ്ടമി വിളക്കെഴുന്നള്ളിപ്പിനായി മൂത്തേടത്തുകാവ് ക്ഷേത്രത്തിലേക്ക് ആനയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.കെ.ആശ എം.എൽ.എയ്ക്കും ജില്ലാ ഭരണകൂടത്തിനും ഊരാഴ്മക്കാരായ മുരിങ്ങൂർ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി, ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി,ആനത്താനത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവർ അപേക്ഷ സമർപ്പിച്ചിരുന്നു. കൂട്ടുമ്മൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പിനായി ആനയെ അനുവദിക്കണമെന്ന് ക്ഷേത്ര ഉപദേശക സമിതിയും ആവശ്യപ്പെട്ടിരുന്നു.