train

കോട്ടയം: രാത്രിയാത്രയിൽ കോട്ടയത്തെ മാത്രം അവഗണിച്ച് റെയിൽവേ. ഒമ്പതിന് ആരംഭിക്കുന്ന നിലമ്പൂർ‌ റോഡ്-കൊച്ചുവേളി രാജ്യറാണി എക്സ്‌പ്രസിന്റെ കോട്ടയം സ്റ്റോപ്പ്,​ രാത്രി നിശ്ചിത സമയത്ത് എത്തുന്ന സ്റ്റോപ്പുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി റെയിൽവേ നിർത്തലാക്കി. അതേസമയം, ഇതിനൊപ്പം ആരംഭിച്ച മറ്റ് ട്രെയിനുകൾക്കൊന്നും ഈ നിയമം ബാധകമാക്കിയിട്ടുമില്ല.

പഴയ സമയക്രമം അനുസരിച്ച് പുലർച്ചെ 1.30നാണ് നിലമ്പൂർ‌ റോഡിൽ നിന്നുള്ള രാജ്യറാണി എക്സ്‌പ്രസ് കോട്ടയത്ത് എത്തുന്നത്. 10ാം തീയതി ആരംഭിക്കുന്ന ചെന്നൈ എഗ്‌മൂർ- നാഗ‌ർകോവിൽ സ്പെഷൽ എക്സ്പ്രസ് പുലർച്ചെ 1.40നാണ് ഡിണ്ടിഗലിൽ എത്തുന്നത്. ഈ സ്റ്റോപ്പ് റെയിൽവേ നിലനിർത്തിയിട്ടുണ്ട്. 9ന് ആരംഭിക്കുന്ന ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ പുലർച്ചെ 1.42നാണ് തൃശൂർ സ്റ്റേഷനിൽ എത്തേണ്ടത്. ഇതും ഒഴിവാക്കിയിട്ടില്ല. നാളെ ആരംഭിക്കുന്ന മധുര- പുനലൂർ എക്സ്പ്രസിന്റെ തമിഴ്നാട്ടിലെ വാഞ്ചി മണിയാച്ചി സ്റ്റേഷനിലെ പുലർച്ചെ 1.59ലെ സ്റ്റോപ്പും നിലനിർത്തിയിട്ടുണ്ട്. കൊച്ചുവേളി - നിലമ്പൂർ റോഡ് എക്സ്‌പ്രസിന്റെ കോട്ടയം സ്റ്റോപ്പ് നിലനിർത്തിയിട്ടുണ്ട്. നിലമ്പൂർ‌,​ അങ്ങാടിപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കോട്ടയത്തേക്കുള്ള രാത്രി യാത്രക്കാർ നേരത്തെ ആശ്രയിച്ചിരുന്ന ട്രെയിനാണ് രാജ്യറാണി എക്സ്‌പ്രസ്. ഇത് പരിഗണിക്കാതെയാണ് റെയിൽവേ സ്റ്റോപ്പ് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്.