water

കോട്ടയം: ആറുവർഷത്തിലേറെയായി കുടിവെള്ളം മുടങ്ങിക്കിടക്കുന്ന നാട്ടകം പ്രദേശത്തേക്ക് വെള്ളമെത്തിക്കാൻ ഈരയിൽക്കടവ് പൈപ്പ് ഇറക്കി. കിഫ്ബി ഫണ്ടിൽ നിന്നും 50 കോടി ചെലവഴിച്ച് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പൈപ്പ് ഇറക്കിയത്. എം.സി. റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതോടെയാണ് പ്രദേശത്ത് കുടിവെള്ള വിതരണം പൂർണമായും നിലച്ചത്. പൈപ്പ്ലൈൻ റോഡിന് ആഴത്തിലേയ്‌ക്ക് ആയതോടെ വികസന പദ്ധതികൾ പൂ‍ർണമായും നിലയ്ക്കുന്ന അവസ്ഥയായി. ഇതോടെ പൈപ്പ് ലൈനും നാട്ടകത്തേയ്ക്കുള്ള ശുദ്ധജല വിതരണവും ഇല്ലാതെയാക്കിയ നാലുവരിപ്പാത നിർമ്മാണം അടിയന്തരമായി ആരംഭിച്ചു. റോഡ് നിർമ്മാണം പൂർത്തിയാക്കിയ ശേഷം പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുമെന്നായിരുന്നു അധികൃതർ നൽകിയ വാഗ്ദാനം. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നാട്ടകം പ്രദേശത്തേക്ക് പൈപ്പ് ലൈൻ മാത്രം എത്തിയില്ല. ഇതിനിടെ ഈരയിൽക്കടവിൽ നിർമ്മിച്ച ബൈപ്പാസിലൂടെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റി പദ്ധതിയും തയ്യാറാക്കി. 2016-17 ലെ കിഫ്ബി ഫണ്ടിൽ നിന്നും 50 കോടിരൂപ മുടക്കി നാട്ടകത്ത് വെള്ളമെത്തിക്കാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു.

50 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള പ്ളാന്റിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. പദ്ധതി ഏതാനും മാസങ്ങൾക്കുള്ളിൽ കമ്മിഷൻ ചെയ്യാനാവുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. കോട്ടയം വാട്ടർ അതോറിറ്റി പരിസരത്ത് നിന്നും മറിയപ്പള്ളി ഓവർ ഹെഡ് ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിനാണ് പദ്ധതി. ഇതിനുള്ള പൈപ്പ് ലൈനുകളാണ് ഇപ്പോൾ ഈരയിൽക്കടവിലെത്തിച്ചിരിക്കുന്നത്.