sleeper

കോട്ടയം: മറ്റ് ഡിപ്പോയിൽ നിന്നെത്തുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിശ്രമിക്കാൻ കോട്ടയത്ത് സ്ലീപ്പർ ബസ് ഒരുങ്ങി. കാലപ്പഴക്കം ചെന്ന ബസ് എയർകണ്ടീഷൻ ചെയ്ത് 16 ബർത്താണ് ക്രമീകരിച്ചിരിക്കുന്നത്. രാത്രി ഈ ബസുകളിൽ ഉറങ്ങി രാവിലെ ജീവനക്കാർക്ക് സർവ്വീസ് തുടരാം. വിദൂര ജില്ലകളിൽ നിന്ന് നിലവിൽ കോട്ടയത്ത് വരുന്ന ജീവനക്കാർക്ക് ഉറങ്ങാൻ സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് സ്ളീപ്പർ ബസ് ക്രമീകരിച്ചിരിക്കുന്നത്. ശബരിമല സർവ്വീസുകൾക്കും ഇത് പ്രയോജനപ്പെടുത്താൻ കഴിയും. കോട്ടയം ഡിപ്പോയിലെ ജീവനക്കാർക്ക് വിശ്രമ സ്ഥലമില്ലെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. ബസിൽ ഉറങ്ങുന്നവർക്ക് ഡിപ്പോയിലെ ശുചിമുറിയിൽ തന്നെയാകും ഉപയോഗിക്കാൻ നൽകുക. എറണാകുളത്തടക്കം നേരത്തേ കെ.എസ്.ആർ.ടി.സിയുടെ സ്ളീപ്പർ ബസുകൾ പുറത്തിറക്കിയിരുന്നു.