കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവൻ എരണ്ടക്കെട്ടിന്റെ അവശതയിൽ. മലബന്ധംകാരണം തീറ്റ എടുത്തിട്ട് ഒരാഴ്ചയോളമായി. പല്ല് തേഞ്ഞതിനാൽ പനയോല ചെറിയ കക്ഷണമാക്കിയതും പുല്ലുമായിരുന്ന് നൽകി വന്നത്. ഇപ്പോൾ വെള്ളവും കുടിക്കുന്നില്ല. ദേവസ്വം ഡോക്ടർ ശശീന്ദ്രദേവിന്റെ നിരീക്ഷണത്തിലാണ് ആനയെങ്കിലും പ്രായാധിക്യവും പല്ലിന്റെ തേയ്മാനവും കാരണം ഭക്ഷണം നന്നായി കഴിക്കാനാവാതെ ക്ഷീണിച്ച സ്ഥിതിയിൽ ഗ്ലൂക്കോസ് നൽകി ക്ഷീണം മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.ശിവന് തുടർച്ചയായി എരണ്ടകെട്ട് പ്രശ്നം ഉണ്ടാകുന്നുണ്ട്. എന്നാൽ ഒരാഴ്ച നീണ്ടുനിൽക്കുന്നത് ആദ്യമാണ്.

ഉദ്യോഗസ്ഥരില്ല,​ ചികിത്സയിൽ ആശങ്ക

തിരുനക്കര ക്ഷേത്രം മാനേജർ ശബരിമല ഡ്യൂട്ടിയിലാണ്. ഡെപ്യൂട്ടി കമ്മിഷണർ അവധിയിലുമായതിനാൽ ആനയുടെ ചികിത്സാകാര്യത്തിലും മറ്റും തീരുമാനമെടുക്കാൻ കഴിയുന്നില്ല.തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കാണ് പകരം ചുമതലയെങ്കിലും എത്തുന്നില്ല. ആനയ്ക്ക് ആവശ്യത്തിന് പുല്ലും ഗ്ലൂക്കോസും ചികിത്സയ്ക്ക് വേണ്ട ഫണ്ടും അനുവദിക്കണമെന്ന തീരുമാനവും വൈകുകയാണ്.

.

ഭക്തജനങ്ങൾ യോഗം ചേർന്നു

ശിവന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിന് നൽകേണ്ട പരിചരണവും സ്വീകരിക്കേണ്ട

ചികിത്സാരീതികളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് ദേവസ്വം ഡോക്ടർ ശശീന്ദ്രദേവിന്റെ സാന്നിദ്ധ്യത്തിൽ ഭക്തജനങ്ങൾ യോഗം ചേർന്നു. വിദഗ്ദ്ധ ഡോക്ടർമാരുടെ സമിതി സ്ഥിരമായി ആനയെ പരശോധിച്ച് ചികിത്സ നിശ്ചയിക്കണമെന്നും എരണ്ടക്കെട്ടിനെ തുടർന്ന് മരണാസന്നനായ പാമ്പാടി രാജനെ രക്ഷിച്ച പറവൂരിലുള്ള ഡോ.ഗിരീഷിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.

ജീവൻവച്ച് ഇനിയും പന്താടരുത്

ദേവസ്വം ബോർഡ് തിരുനക്കര ശിവന്റെ ജീവൻവച്ച് ഇനിയും പന്താടരുത്. അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതര അനാസ്ഥ ഉണ്ടായെന്ന് ഉപദേശകസമിതി പ്രസിഡന്റ് ബി.ഗോപകുമാർ പറഞ്ഞു. ക്ഷീണം മാറ്റാൻ 50 കുപ്പി ഗ്ലൂക്കോസ് കൊടുക്കേണ്ടിടത്ത് പകുതിയേ നൽകുന്നുള്ളൂ. മതിയായ ചികിത്സയ്ക്ക് അടിയന്തിര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തില്ല. സർക്കാർ വെറ്റിനറി ഡോക്ടറുടെ സേവനം കൂടി പ്രയോജനപ്പെടുത്തണം. ദേവസ്വം ബോർഡ് അടിയന്തിര നടപടി സ്വീകരിച്ചു സൗന്ദര്യത്തിലും തലപ്പൊക്കത്തിലും മുന്നിലുള്ള കേരളത്തിലെ പ്രശസ്ത നാട്ടാനയായ തിരുനക്കര ശിവന്റെ ജീവൻ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.