pachakari-

കോട്ടയം : രോഗീപരിചരണത്തിൽ മാത്രമല്ല പച്ചക്കറി കൃഷിയിലും നൂറുമേനി വിളവെടുക്കാനാകുമെന്ന് തെളിയിക്കുകയാണ് ജില്ലാ ഹോമിയോ ആശുപത്രി അധികൃതർ. ശൂന്യമായി കിടന്നിരുന്ന മട്ടുപ്പാവിൽ ഗ്രോബാഗിലാണ് കൃഷി. കുമാരനല്ലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഹരിതകേരള മിഷനുമായി സഹകരിച്ചാണ് കൃഷി ഒരുക്കിയത്.

ചിങ്ങം ഒന്നിന് ആദ്യഘട്ടമെന്ന നിലയിൽ 20 ഓളം ഗ്രോബാഗുകളിലായി തക്കാളി, പച്ചമുളക്, വഴുതന, വെണ്ട, ചീര തുടങ്ങിയവ കൃഷി ചെയ്തു. രണ്ടാം ഘട്ടത്തിൽ 200 ഗ്രോബാഗുകളിലായി കൃഷി വിപുലീകരിച്ചു. ചാണകപ്പൊടി, ചകിരിച്ചോർ, വേപ്പിൻകുരു പൊടിച്ചത് തുടങ്ങിയ ജൈവ വളങ്ങളും ഭക്ഷണാവിശിഷ്ടങ്ങളും വളമായി ഉപയോഗിക്കുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ ആശുപത്രി ജീവനക്കാർ സ്വന്താവശ്യങ്ങൾക്കായി എടുക്കുകയാണ്. മൂന്ന് മാസം കൂടുമ്പോഴാണ് വിളവെടുപ്പ്.

ഹരിത ചട്ടപ്രകാരമാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ആശുപത്രി വളപ്പിൽ ശലഭോദ്യാനവും ചുറ്റുമതിലിന് പകരം ചെമ്പരത്തി ചെടി ഉപയോഗിച്ചുള്ള ജൈവവേലി, തണലിനായി മുളത്തൈകളും ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിലെ എല്ലാ ജീവനക്കാരും പ്ലാസ്റ്റിക് ഒഴിവാക്കി സ്റ്റീൽ ബോട്ടിലുകളാണ് ഉപയോഗിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നതിനായി കാർഡ് ഉപയോഗിച്ചുള്ള ജൈവബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.

തിരി നന രീതിയിൽ ജലസേചനം

വെള്ളം പാഴാക്കാതെ ചെടിയുടെ വളർച്ചയ്ക്കാവശ്യത്തിന് വെളളം ലഭിക്കുകയും ചെയ്യുന്ന നൂതനമായ രീതിയാണ് തിരി നന ജലസേചനം. മൂന്ന് ഇഞ്ച് വ്യാസമുള്ള 360 മീറ്റർ പിവിസി പൈപ്പും ഉപയോഗിച്ച് നിശ്ചിത സെന്റിമീറ്റർ അകലത്തിൽ പൈപ്പിൽ തുളയിടുകയും ഈഭാഗത്ത് 15 സെന്റിമീറ്റർ തുണി തിരിയിട്ട്, തിരിയുടെ മൂന്നിൽ രണ്ട് ഭാഗം ഗ്രോബാഗിലെ മണ്ണിൽ ചെടിയുടെ ചുവട്ടിലും, ബാക്കി ഭാഗം പൈപ്പിലെ വെള്ളത്തിലുമായി ക്രമീകരിച്ചാണ് തിരി നന. മൂന്നു നാലു ദിവസം കൂടുമ്പോഴാണ് പൈപ്പിൽ വെള്ളം നിറക്കുക. 24 മണിക്കൂറും ചെടിക്ക് വെള്ളം ലഭിക്കുകയും ഗ്രോബാഗിന് പുറത്തുളള ഭാഗങ്ങളിലൂടെ വെള്ളം പാഴായിപോകുന്നത് തടയാനും സാധിക്കും.


ആശുപത്രിയിൽ എത്തുന്നവരിലും ജീവനക്കാരിലും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദനമായും പരീക്ഷണാർത്ഥമാണ് മട്ടുപ്പാവിൽ കൃഷി ആരംഭിച്ചത്. കൂടാതെ, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് കീടനാശിനി പ്രയോഗം ഇല്ലാത്ത ശുദ്ധ പച്ചക്കറികൾ ഉപയോഗിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നുണ്ട്.

(ആർ.എം.ഒ ജില്ലാ ഹോമിയോ ആശുപത്രി)