thushar

കോട്ടയം: എൻ.ഡി.എയ്ക്ക് സംസ്ഥാനത്ത് വൻ വിജയം നേടാൻ നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ മാത്രം പ്രചാരണ വിഷയമാക്കിയാൽ മതിയെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറ‌ഞ്ഞു. കോട്ടയം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആറ് വർഷം മോദി സർക്കാർ ചെയ്തത് സാധാരണക്കാർക്ക് അത്രമേൽ പ്രയോജനമുള്ള കാര്യങ്ങളാണ്. കാശ്മീരിന്റെ മോചനത്തിലൂടെ രാജ്യത്ത് സമാധാനം കൊണ്ടുവന്നു. ജാതി, മതത്തിന് അതീതമായി വികസനത്തിലൂന്നിയാണ് മോദി സർക്കാരിന്റെ പ്രവർത്തനം. കേരളത്തിന് പുറത്ത് കോൺഗ്രസും ഇടതുപാർട്ടികളും ഒറ്റക്കെട്ടാണ്. കേരളത്തിൽ നാടകം നടത്തുകയാണ്. അവർ ഒരുമിച്ച് എതിർക്കുന്നത് എൻ.ഡി.എയെയാണ്. എൻ.ഡി.എ ജയിക്കുന്ന ഇടങ്ങളിൽ ക്രോസ് വോട്ട് നടത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി.തങ്കപ്പൻ,​ ജനറൽ സെക്രട്ടറി എൻ.കെ.നീലകണ്ഠൻ മാസ്റ്റർ,​ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ.പ്രമീളാദേവി തുടങ്ങിയവർ സംസാരിച്ചു. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി പി.അനിൽകുമാർ സ്വാഗതവും മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയ് തോളൂർ നന്ദിയും പറഞ്ഞു.