വൈക്കം : ആചാരത്തനിമയോടെ വൈക്കത്തഷ്മിയുടെ പ്രധാന ചടങ്ങായ ഋഷഭ വാഹന എഴുന്നള്ളിപ്പ് നടന്നു.

അഷ്ടമിയുടെ ഏഴാം ഉത്സവനാളിലാണ് വലിയ ഋഷഭത്തിന്റെ പുറത്ത് വൈക്കത്തപ്പൻ എഴുന്നള്ളുന്നത്. സാധാരണ നിലയിൽ ഋഷഭ വാഹനം എഴുന്നള്ളിപ്പിന് ക്ഷേത്രസങ്കേതം ആയിരക്കണക്കിന് ഭക്തജനങ്ങളെകൊണ്ട് നിറയും. കൊവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ വഴിയാണ് ദർശനം ഒരുക്കിയത്. അകമ്പടി ആനകളെയും ഒഴിവാക്കി. നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമ്മിച്ച കാളയുടെ പുറത്ത് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം ,പട്ടുടയാടകൾ, കട്ടിമാലകൾ എന്നിവ കൊണ്ടലങ്കരിച്ച് തണ്ടിലേ​റ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലത്തെ മൂസതുമാരുടെ നേതൃത്വത്തിൽ 40 ൽ പരം മൂസതുമാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂർത്തിയാക്കി. നാദസ്വരം, പരുക്ഷ വാദ്യം, പഞ്ചാരി മേളം, ചെണ്ടമേളം, ഘട്ടിയം എന്നിവാദ്യങ്ങൾ ഉപയോഗിച്ചാണ് എഴുന്നള്ളിപ്പ് നടന്നത് ' വൈക്കം ഷാജിയും വൈക്കം സുമോദ്, കാവാലം ശ്റീകുമാർ , ചെറായി മനോജ് , ടി വി പുരം മഹേഷ് എന്നിവർ നാദസ്വര മേളം ഒരുക്കി. സ്വർണ്ണക്കുടകളും മുത്തുക്കുടകളും അകമ്പടിയായി.