
മണിമല: സ്വന്തം ചിഹ്നത്തിൽ കയറിയാണ് സുരേഷ് വോട്ട് ചോദിക്കാനെത്തുന്നത്. ഓട്ടോ ഡ്രൈവറായ പി. സുരേഷ് മണിമല പഞ്ചായത്ത് ഒമ്പതാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായപ്പോൾ ചിഹ്നമാക്കിയതും തനിക്ക് ഏറ്റവും അടുപ്പമുള്ള ഓട്ടോറിക്ഷ.
12 വർഷമായി കരിമ്പനാക്കുളത്ത് ഓട്ടോ ഓടിക്കുന്ന സുരേഷ് ഒമ്പതാം വാർഡിൽ മത്സരിക്കാനിറങ്ങുമ്പോൾ ചിഹ്നത്തെ പറ്റി ഒരു കൺഫ്യൂഷനുമില്ലായിരുന്നു. കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിനും ആശുപത്രി ആവശ്യങ്ങൾക്കും ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും ഓടി എത്തുന്ന സുരേഷിനെ കരിമ്പനാക്കുളംകാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഓട്ടോറിക്ഷയിൽ തന്നെയാണ് ഇപ്പോൾ വോട്ട് തേടി പോകുന്നതും. വോട്ടഭ്യർത്ഥനയും പ്രസ്താവനയും കൊടുത്ത് വോട്ട് ചോദിക്കാൻ നേരം സുരേഷ് ചൂണ്ടിക്കാട്ടും, വീടിനോട് ചേർത്ത് നിറുത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയെ!