aswathi

പൊന്‍കുന്നം: ജീവിതത്തിലെ പ്രതിബന്ധങ്ങളോട് പടവെട്ടിയ അനുഭവ പരിചയമാണ് തിരഞ്ഞെടുപ്പ് കളത്തിൽ അശ്വതിയുടെ കരുത്ത്. സുരക്ഷിതമായ ഒരു വീടില്ല എന്നത് ഒരു സങ്കടമായി അവശേഷിക്കുമ്പോഴും ഇതിലേറെ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണം
എന്ന ചിന്തയാണ് ചിറക്കടവ് 19-ാം വാര്‍ഡില്‍ യു.ഡി.എഫിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ കാവാലിമാക്കല്‍ വരണങ്കല്‍ അശ്വതി ബൈജുവിനെ സജ്ജയാക്കിയത്.

ടിന്‍ഷീറ്റുകൊണ്ടുള്ള വീടാണെങ്കിലും റേഷന്‍ കാര്‍ഡ് എ.പി.എല്ലാണ്. അതോടെ ലൈഫ് മിഷനില്‍ വീടിനുള്ള അപേക്ഷ നിരസിക്കപ്പെട്ടു. ഇനി റേഷന്‍കാര്‍ഡ് മാറ്റിയെടുത്താല്‍ മാത്രമേ അപേക്ഷിക്കാനാകൂ. അതുവരെ എട്ടാംക്ലാസില്‍ പഠിക്കുന്ന മകള്‍ അഞ്ജന, അഞ്ചില്‍ പഠിക്കുന്ന മകന്‍ അര്‍ജുന്‍, ഇളയകുട്ടി മൂന്നുവയസുകാരന്‍ അഭിജിത്ത് എന്നിവരുമായി കഴിഞ്ഞുകൂടേണ്ടത് 18-ാം വാര്‍ഡിലെ ഈ വീട്ടില്‍. കുടുംബ വീടിരിക്കുന്ന 19-ാം വാര്‍ഡിലാണ് അശ്വതിയുടെ വോട്ടും മത്സരവും.
ഭര്‍ത്താവ് ബൈജു വെല്‍ഡിംഗ് ജോലിക്കാരനാണ്.തയ്യല്‍ക്കാരിയായ അശ്വതിയുടെ തിരഞ്ഞെടുപ്പ് ചിഹ്നവും തയ്യല്‍മെഷീനാണ്.