പാലാ : സ്വന്തമായ അനുഭവങ്ങളടേയും അനുഭൂതികളടേയും അടിസ്ഥാന ശിലയിൽ പൂജ ചെയ്യുന്നവർക്ക് മാത്രമേ സാഹിത്യകാരനാകാൻ കഴിയൂവെന്ന് വയലാർ അവാർഡ് ജേതാവ് ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു. പാലാ കിഴതടിയൂർ ബാങ്ക്, പാലാ സഹൃദയ സമിതി, കിസ്‌ക്കോ സഫലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്റെ കവിതകളെക്കുറിച്ച് സ്വയം പ്രചരിപ്പിക്കാതെ ഒരു കവിക്കും ഈ കാലഘട്ടത്തിൽ പിടിച്ചു നിൽക്കാനാവില്ലെന്ന അവസ്ഥയാണിപ്പോൾ. അവനവനെ വിൽക്കുവാനുള്ള യഥാർത്ഥ രസതന്ത്രം അറിയാത്ത സാഹിത്യകാരൻ പരാജയപ്പെട്ടു പോകും. കവികളെ പ്രോൽസാഹിപ്പിക്കാനും കൃതികളെ സമൂഹ മധ്യത്തിൽ അവതരിപ്പിക്കാനും നിരൂപകത്തമ്പുരാക്കൻമാരുടെ തിരുവെഴുത്തുകളും ഇപ്പോഴുണ്ടാകുന്നില്ലെന്നും ഏഴാച്ചേരി ചൂണ്ടിക്കാട്ടി. കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് ജോർജ്.സി. കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.ശശിധരൻനായർ, രവി പുലിയന്നൂർ,ഡി .ശ്രീദേവി, വി.എം.അബ്ദുള്ളാഖാൻ,പി.എസ്. മധുസൂദനൻ, വി.കെ.കുമാരകൈമൾ, സുഷമ രവീന്ദ്രൻ, സുകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.