ഇളങ്ങുളം : എലിക്കുളം ഗ്രാമപഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ അങ്കക്കളത്തിലായിരുന്നു മൂന്നു മുന്നണികളും. എന്നാൽ തിരഞ്ഞെടുപ്പെത്തി സ്ഥാനാർത്ഥികൾ കളത്തിലിറങ്ങേണ്ട സമയം ആർക്കും ആവേശമില്ല. കൊവിഡ് എന്ന വില്ലൻ കളത്തിലിറങ്ങിയതാണ് കാരണം. പത്രിക സമർപ്പിക്കാൻ എത്തിയ സ്ഥാനാർത്ഥികളിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവായതോടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലായ മുഴുവൻ സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും കൂട്ടത്തോടെ ക്വാറന്റൈനിൽ കഴിയേണ്ടി വന്നു. ബി.ജെ.പി സ്ഥാനാർത്ഥിയ്ക്കും ഭർത്താവിനും ഒരു എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കും കൊവിഡ് പോസിറ്റീവായി. തുടർ പരിശോധനയിൽ ഇവർ നെഗറ്റീവായെങ്കിലും പ്രചരണത്തിനിറങ്ങണമെങ്കിൽ ഇനിയും രണ്ടു ദിവസം കഴിയണം. ചുരുങ്ങിയ സമയത്തിനുള്ളിൽ മുഴുവൻ വോട്ടർമാരെയും നേരിട്ടുകാണാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാർത്ഥികൾ. ഇതിനിടെയിലും അണികളുടെ ആവേശം കെടാതെ ശക്തിപ്പെടുത്താൻ നവമാദ്ധ്യമങ്ങളെയാണ് നേതാക്കൾ ആശ്രയിച്ചത്. കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെ ഭരണം നേടിയ ഇടതുമുന്നണിയെ പരാജയപ്പെടുത്തി മികച്ച ഭൂരിപക്ഷത്തിൽ ഭരണം തിരിച്ചുപിടിക്കാൻ യുഡി.എഫും,വ്യക്തമായ ഭൂരിപക്ഷം നേടി അധികാരം നിലനിർത്താൻ എൽ.ഡി.എഫും,നില മെച്ചപ്പെടുത്താനുമാണ് എൻ.ഡി.എയും ലക്ഷ്യമിടുന്നത്. പക്ഷേ മൂന്നു മുന്നണികളിലും പ്രശ്‌നങ്ങളുണ്ട്. 16ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജെയിംസ് ജീരകത്തിനെതിരെ മറ്റ് മൂന്ന് ജെയിംസുമാർ മത്സരിക്കാനുണ്ട്.
ഒന്ന്, എട്ട്, ഒൻപത് വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ സ്വതന്ത്രചിഹ്നത്തിലാണ് മത്സരം. ഇടതുമുന്നണി മൂന്ന്, അഞ്ച്, ആറ്, 12, 13, 16 എന്നീവാർഡുകളിൽ സ്വതന്ത്ര ചിഹ്നമാണ് പരീക്ഷിക്കുന്നത്. 10-ാംവാർഡിൽ എൻ.ഡി.എ.യും രണ്ടാംവാർഡിൽ യു.ഡി.എഫും സ്വതന്ത്രസ്ഥാനാർത്ഥിയെ പിന്തുണച്ച് പരീക്ഷണത്തിലാണ്. രണ്ടാംവാർഡിൽ നേരത്തെ എൽ.ഡി.എഫിന്റെ പഞ്ചായത്തംഗമായിരുന്നയാളാണ് സ്വതന്ത്രനായി മത്സരിച്ച് യു.ഡി.എഫിന്റെ പിന്തുണ കൂടി നേടിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മത്സരിക്കുന്ന വാർഡിൽ കോൺഗ്രസിലെ മുൻ പഞ്ചായത്തംഗം പാർട്ടി അംഗത്വം രാജിവച്ച് മത്സരിക്കുന്നുണ്ട്.