പാലാ : തിരഞ്ഞെടുപ്പ് പ്രചാരണം മന്ദീഭവിച്ച് പാലാ. മുൻവർഷങ്ങളിൽ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ പാലായുടെ മുഖച്ഛായ മാറുമായിരുന്നു. നഗരം വിവിധ വർണങ്ങളിലുള്ള കൊടി തോരണങ്ങൾ കൊണ്ട് നിറയുമായിരുന്നു. ശബ്ദപ്രചാരണത്തിന്റെ കാതടപ്പിക്കുന്ന ശബ്ദത്തോടെയുള്ള ഉച്ചഭാഷണികൾ, പാരഡി ഗാനങ്ങൾ, സജ്ജീവമാകുന്ന തിരഞ്ഞെടുപ്പ് ചർച്ചകൾ, നഗരത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങൾ കൈയ്യടക്കുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ തുടങ്ങിയ സജീവ കാഴ്ചകൾ ഈ വർഷമില്ല. കൊവിഡ് മഹാമാരി എല്ലാ തിരഞ്ഞെടുപ്പ് ഉത്സാഹങ്ങളെയും കെടുത്തിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും ശ്രദ്ധേയം കുരിശുപള്ളി കവലയിലെ യു.ഡി.എഫ് ഓഫീസാണ്. കൊട്ടുകാപ്പള്ളി കുടുംബത്തിന്റെ വകയായുള്ള സ്ഥലത്ത് വിശാലമായ സ്റ്റേജും പന്തലും തയ്യാറാക്കിയിരുന്നു. കുരിശുപള്ളി കവല ഇപ്പോൾ ശാന്തമാണ്. കുറച്ച് ബാനറുകൾ മാത്രമാണുള്ളത്. പാലാക്കാരുടെ ദേശീയ ആഘോഷമായ പാലാ ജൂബിലിക്ക് കൊടിയേറിയതും കുരിശുപള്ളിയെ രാഷ്ട്രീയക്കാർ ഒഴിവാക്കാൻ കാരണമായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ നാമമാത്രമായ ചടങ്ങുകളോടെയാണ് ജൂബിലി ആഘോഷിക്കുന്നത്. മനോഹരമായ കട്ടൗട്ടുകളോടെ എൽ.ഡി.എഫ് ഓഫീസുകളും ബി.ജെ.പി ഓഫീസുകളും കാഴ്ചക്കാർക്ക് കൗതുകം പകരുന്നതായിരുന്നു. ഇതെല്ലാം ഓർമ്മകൾ മാത്രമാകുകയാണ്. മുന്നണികളും ചെറുപാർട്ടികളുമെല്ലാം സ്വന്തം പാർട്ടി ഓഫീസുകളാണ് തിരഞ്ഞെടുപ്പ് ചർച്ചാ കേന്ദ്രമാക്കിയിരിക്കുന്നത്. പല ഓഫീസുകളിലും പ്രവർത്തകർ പോലും ഇല്ലെന്നതും ശ്രദ്ധേയമാണ്.