പൊൻകുന്നം : എൻ.ഡി.എ മുന്നണി ചിറക്കടവിൽ അധികാരത്തിലെത്തുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ചിറക്കടവ്, പള്ളിക്കത്തോട് പഞ്ചായത്തുകളിലെ സ്ഥാനാർത്ഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ എൻ.ഡി.എയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. ചിറക്കടവിലും പള്ളിക്കത്തോട്ടിലും അധികാരത്തിലെത്താൻ ഈ അനുകൂല സാഹചര്യത്തിൽ സാധിക്കും. യോജിച്ചുള്ള പ്രവർത്തനത്തിലൂടെ എന്തുമാറ്റങ്ങളും സാദ്ധ്യമാകുമെന്നും തുഷാർ പറഞ്ഞു.
എൻ.ഡി.എ ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ ജി.ഹരിലാൽ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ നോബിൾ മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ.പ്രമീളാദേവി, ബി.ഡി.ജെ.എസ് ജില്ലാ അദ്ധ്യക്ഷൻ എം.പി.സെൻ, എൻ.ഡി.എ ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി കൺവീനർ കെ.എസ്. അജി, എം.വി. ശ്രീകാന്ത്, എ. ഷിബു, പി.ജി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.