
 മുന്നറിയിപ്പ് ഹരിത കേരള മിഷന്റേത്
കോട്ടയം: ഹരിത ചട്ടം മറന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ജില്ല മാലിന്യകൂമ്പാരമാകും. ഹരിത കേരള മിഷന്റെതാണ് ഈ മുന്നറിയിപ്പ്. ചട്ടം ലംഘിക്കുന്നത് തടയാൻ പ്രത്യേക സ്ക്വാഡ് പ്രവർത്തനം തുടങ്ങി.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 5432 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. മത്സരചിത്രം തെളിഞ്ഞതോടെ എല്ലാ വാർഡുകളിലും പ്രചാരണം പൊടിപൊടിക്കുകയാണ്. പ്രചാരണത്തിനായി ഹോർഡിംഗുകൾ ഉപയോഗിച്ചാൽ തന്നെ അമ്പത് ടണ്ണിലേറെ മാലിന്യമാകുമെന്നാണ് കണക്ക്. കൊടി തോരണങ്ങൾ, പ്ലാസ്റ്റിക് കുപ്പിവെള്ള ബോട്ടിലുകൾ,ഡിസ്‌പോസിബിൾ കപ്പുകൾ, പാത്രങ്ങൾ, നിരോധിത പ്ലാസ്റ്റിക് കവറുകൾ എന്നിവയെല്ലാം വേറെയും.
തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും കോട്ടൺ തുണി, പേപ്പർ, പോളി എത്തലീൻ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂവെന്നാണ് നിർദേശം. വോട്ടെടുപ്പിന് ശേഷം പോളിംഗ് സ്‌റ്റേഷനുകളിൽ അവശേഷിക്കുന്ന പേപ്പറും മറ്റു വസ്തുക്കളും നീക്കം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനും അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്ന് കളക്ടറുടെ നിർദേശമുണ്ട്. വോട്ടെടുപ്പിന് ശേഷം സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പു പ്രചാരണ പരസ്യങ്ങൾ നശിപ്പിക്കുകയോ പുനചംക്രമണം ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജൻസികൾക്കു കൈമാറുകയോ വേണം. അല്ലെങ്കിൽ 5 ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പരസ്യം നീക്കുകയും ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കുകയും ചെയ്യും.