കോട്ടയം : സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ഒരുലക്ഷത്തിലേറെ രൂപ തട്ടിയ യുവാവിനെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വാകത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പ് (32) ആണ് അറസ്റ്റിലായത്.

നാലുമാസം മുമ്പാണ് സംഭവം. ചെങ്ങന്നൂർ സ്വദേശി തോമസിന്റെ ഉടമസ്ഥതയിൽ നഗരത്തിൽ പ്രവർത്തിക്കുന്ന കണ്ണാട്ട് ഫിനാൻസിലാണ് തട്ടിപ്പ് നടത്തിയത്. നാലുവള പണയം വച്ച് 1.12 ലക്ഷം രൂപയാണ് ഇയാൾ വാങ്ങിയത്. കഴിഞ്ഞ ദിവസം വീണ്ടും സ്വർണം പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. വ്യാജ ആധാർകാർഡും ഫോൺ നമ്പരും നൽകിയായിരുന്നു തട്ടിപ്പ്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ മനസിലായത്. സ്ഥാപനത്തിൽ ഇയാളുമായി തെളിവെടുപ്പ് നടത്തി.