
കറുകച്ചാൽ: പാർട്ടിയോ കൊടിയോ രാഷ്ട്രീയമോ എന്നതിനെക്കാൾ ഉപരി വോട്ട് ചെയ്യണം എന്ന ആഗ്രഹവുമായി അറുപത്തൊന്നാം വയസിൽ അച്ഛനും ഇരുപത്തിമൂന്നാം വയസ്സിൽ മകനും! കന്നിവോട്ട് ചെയ്യുന്നതിന്റെ ആകാംക്ഷയിലും സന്തോഷത്തിലുമാണ് ഈ ചമ്പക്കര സ്വദേശികൾ. കുന്നക്കാട് വീട്ടിൽ അജികുമാർ (61), മകൻ വിവസ് (23) എന്നിവരാണ് ഇത്തവണ കന്നിവോട്ട് ചെയ്യുന്നത്. 18 വയസ് പൂർത്തിയാകുമ്പോൾ വോട്ട് ചെയ്യണമെന്നതായിരുന്നു അജികുമാറിന്റെ ആഗ്രഹമെങ്കിലും അത് നടന്നില്ല. 25ാമത്തെ വയസിൽ പ്രവാസിയായതോടെ അജികുമാറിന്റെ ആഗ്രഹം സ്വപ്നമായി തന്നെ തുടർന്നു. നാട്ടിൽ അവധിക്ക് പലതവണ എത്തിയെങ്കിലും വോട്ട് ചെയ്യാൻ മാത്രം അവസരം ഒത്തില്ല. ഇത്തവണ ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലെത്തിയതോടെ തിരിച്ചു പോകാൻ കഴിഞ്ഞില്ല. 18 വയസു കഴിഞ്ഞിട്ടും വിവസും വോട്ട് ചെയ്യാൻ പറ്റാത്ത സങ്കടത്തിലായിരുന്നു. ഇപ്രാവശ്യം അവസരം കളയാതെ ഇരുവരും വോട്ടർ പട്ടികയിൽ പേര് ചേർത്തു. ഭാര്യ രാധികയും മകൾ ഗോപികയും മുൻ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തവരാണ്. വിവസ് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് വിദ്യാർഥിയാണ്.