
ചങ്ങനാശേരി: വിളവെടുപ്പുകാലമായതോടെ വാഴക്കുലയ്ക്കും കപ്പയ്ക്കും വില കുത്തനെ ഇടിഞ്ഞു. കർഷകർ ദുരിതത്തിൽ. ലോക്ക് ഡൗൺ കാലത്ത് മുൻ വർഷങ്ങളേക്കാൾ കർഷകർ ഭക്ഷ്യവിളകൾ കൂടുതൽ കൃഷി ചെയ്തതിനാൽ ഉത്പാദനം വർദ്ധിച്ചതാണ് വിലയിടിയാൻ കാരണം. ഉത്പാദന ചെലവ് പോലും കിട്ടുന്നില്ലെന്ന് കർഷകർ.
കൃഷിക്കാരിൽ നിന്ന് കാർഷിക ഉത്പന്നങ്ങൾ സംഭരിച്ച് കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ കൃഷിവകുപ്പിന് സംവിധാനം ഇല്ലാതെ വന്നതോടെയാണ് കർഷകർ നഷ്ടത്തിലായിരിക്കുന്നത്. ചേന,ചേമ്പ്, കാച്ചിൽ തുടങ്ങിയ വിഭവങ്ങൾക്കും വില മെച്ചമല്ല. കൊവിഡിനെ തുടർന്ന് വിഭവങ്ങൾക്ക് വിലക്കയറ്റവും ക്ഷാമവും ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് നാട്ടിൻപുറങ്ങളിൽ മുൻവർഷങ്ങളേക്കാൾ കൃഷി
കൂടുതലായി ചെയ്തത്. എന്നാൽ, അതാണിപ്പോൾ വിനയായത്.
കപ്പയും വാഴക്കുലയും നല്ല വിളവാണ് ലഭിച്ചിരിക്കുന്നത്. ഏത്തക്കുല വില പച്ചക്കായ്ക്ക് 20 രൂപയും പഴത്തിന് 30 രൂപയുമായി താഴ്ന്നു. റോബസ്റ്റയ്ക്കും ഞാലിപ്പൂവനും വില താഴുകയാണ്. കർണാടകത്തിൽ നിന്നുള്ള വാഴക്കുല വരവിനൊപ്പമാണ് നാട്ടിലും വിളവെടുപ്പ് തുടങ്ങിയിരിക്കുന്നത്. പച്ചക്കപ്പ വില 20 രൂപയിലേക്ക് ഇടിഞ്ഞു.
അടുത്ത മാസം കപ്പയുടെ വിളവ് വർദ്ധിക്കുമ്പോൾ വില ഇനിയും താഴും. ചേന,ചേമ്പ്, കാച്ചിൽ ഉത്പന്നങ്ങൾക്കും ആവശ്യക്കാർ കുറവാണ്. ഇഞ്ചി, മഞ്ഞൾ വിലയും മെച്ചമാകില്ലെന്നാണ് സൂചന. കൃഷിക്കാരുടെ ഓപ്പൺ മാർക്കറ്റുകൾ കൊവിഡ് സാഹചര്യത്തിൽ നിലച്ചതാണ് ഉത്പന്നങ്ങൾ വിൽക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കിയത്.