
കോട്ടയം: കർഷകർക്ക് പുത്തൻ പ്രതീക്ഷകൾ സമ്മാനിച്ച് റബർവില മുന്നേറുന്നു. ടയർ വ്യവസായ മേഖലയിൽ നിന്ന് ഡിമാൻഡ് വർദ്ധിച്ചതും അന്താരാഷ്‌ട്ര വിപണിയിലെ ഉണർവുമാണ് വിലക്കുതിപ്പിന് കാരണം. ആഭ്യന്തര വിപണിയിൽ ഉത്‌പാദനക്കുറവുണ്ട്. വില അന്താരാഷ്‌ട്ര വിലയ്ക്കൊപ്പം എത്തുകയോ അതിനുമുകളിലേക്കും കുതിക്കുകയോ ചെയ്യുമെന്ന വിശ്വാസത്താൽ റബർ വിപണിയിലിറക്കാതെ സ്‌റ്റോക്ക് ചെയ്യുന്നവരുമുണ്ട്.
ഏകദേശം ഏഴുവർഷത്തെ ഉയരമായ 165 രൂപയിലേക്കാണ് കഴിഞ്ഞവാരം റബർ വില മുന്നേറിയത്. അന്താരാഷ്‌ട്ര വില 184-187 നിരക്കിലുമെത്തി. നിലവിൽ, ഇന്ത്യൻ വിലയേക്കാൾ 15-20 ശതമാനം കൂടുതലാണ് അന്താരാഷ്‌ട്ര വില. ഷിപ്പിംഗ് നിരക്കുവർദ്ധന, തുറമുഖങ്ങളിലും മറ്റും ക്ളിയറൻസിലുണ്ടാവുന്ന കാലതാമസം, കണ്ടെയ്‌നർ ക്ഷാമം എന്നിവമൂലം ആഭ്യന്തര ടയർ കമ്പനികൾ ഇറക്കുമതി കുറയ്ക്കുകയും തദ്ദേശ റബറിനോട് താത്പര്യം കാട്ടിത്തുടങ്ങിയിട്ടുമുണ്ട്.
ഇതാണ്, ആഭ്യന്തരവിലക്കുതിപ്പിന്റെ വളം. ഷിപ്പിംഗ് നിരക്ക് 40 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, വിദേശ റബർ വാങ്ങുമ്പോൾ കിലോയ്ക്ക് 250 രൂപയ്ക്കുമേൽ നൽകണം. ഇതും ആഭ്യന്തര റബറിന്റെ പ്രിയം കൂട്ടി. കൊവിഡ് വ്യാപനം കുറഞ്ഞതുമൂലം ചൈനീസ് സമ്പദ്‌രംഗം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത്, അവിടെ റബറിന്റെ ഡിമാൻഡ് വർദ്ധിപ്പിച്ചിട്ടുണ്ട്.
അതേസമയം, ചൈനയിലും തായ്‌ലൻഡിലും ഇൻഡോനേഷ്യയിലും ഉത്‌പാദനം കുറയുകയുമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ കർഷകർ ഉത്‌പാദനം വർദ്ധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ. മികച്ച കാലാവസ്ഥയും ഇതിന് അനുകൂലമാണ്.
₹165
ആഭ്യന്തര റബർ വില കിലോയ്ക്ക് കഴിഞ്ഞവാരം 165 രൂപയിലെത്തി. അന്താരാഷ്‌ട്ര വില 184-187 രൂപ നിരക്കിൽ.
2 വർഷം
കൊവിഡ് വ്യാപനം കുറയുന്നതിനാൽ സമ്പദ്‌പ്രവർത്തനങ്ങളിൽ ഉണർവ് ദൃശ്യമാണ്. ടയർ കമ്പനികളിൽ നിന്ന് ആഗോളതലത്തിൽ റബറിന് ഡിമാൻഡ് കൂടി. അടുത്ത രണ്ടുവർഷക്കാലം റബർവില മികച്ച നിലയിൽ തുടർന്നേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
എം.സി.എക്‌സിൽ
റബർ വ്യാപാരം
പ്രമുഖ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എം.സി.എക്‌സിൽ സ്വാഭാവിക റബറിന്റെ അവധി വ്യാപാരത്തിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) അനുമതി നൽകി. വൈകാതെ വ്യാപാരത്തിന് തുടക്കമാകും. റബർ കർഷകർ, വ്യാപാരികൾ, കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ, ടയർ വ്യവസായികൾ എന്നിവർക്ക് ഗുണം ചെയ്യുന്നതാണ് അവധി വ്യാപാരം. 100 കിലോഗ്രാം വീതമുള്ള റബറിന്റെ ലോട്ടുകളിലായിരിക്കും വില നിർണയം. പാലക്കാടാണ് ഡെലിവറി കേന്ദ്രം.