
കോട്ടയം: രണ്ടിലയുമായി മറുകണ്ടത്തിൽ നിന്നെത്തിയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലൂടെ കോട്ടയം കൊത്തിയെടുക്കാമെന്ന് എൽ.ഡി.എഫ് സ്വപ്നം കാണുമ്പോൾ തങ്ങളുടെ ഉരുക്ക്കോട്ട തകരില്ലെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫിന്. യു.ഡി.എഫ് കോട്ട പിളർത്താമെന്ന് ഇടതു മുന്നണി കണക്കുകൂട്ടുമ്പോൾ, ജോസഫ് വിഭാഗം അദ്ഭുതം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
ജോസ് കെ. മാണിക്കും പി.ജെ. ജോസഫിനും നിലനിൽപ്പിനുള്ള അങ്കമായതിനാൽ അക്ഷരനഗരി അക്ഷരാർത്ഥത്തിൽ പൊള്ളുമെന്നുറപ്പ്. നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. 22 അംഗ ജില്ലാ പഞ്ചായത്തിൽ ജോസിന്റെ പിന്തുണയിൽ 12-15 സീറ്റെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ആറ് നഗരസഭകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും 71 ഗ്രാമ പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടുമെന്നും അവർ പ്രതീക്ഷിക്കുന്നു
അതേസമയം ഇടതുമുന്നണി വിരുദ്ധ തരംഗമുള്ളതിനാൽ ജില്ലാ, ബ്ലോക്ക്, നഗരസഭാ, പഞ്ചായത്തു സമിതികളിലെല്ലാം തങ്ങൾ വലിയ മേധാവിത്വം നേടുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. ജില്ലാ പഞ്ചായത്തിലടക്കം തങ്ങൾ നിർണായക ശക്തിയാകുമെന്നാണ് എൻ.ഡി.എയും കണക്കുകൂട്ടുന്നത്.
'ഓണായ ഓൺലൈൻ പ്രചാരണം"
ഓൺലൈൻ പ്രചാരണത്തിനാണ് ഇടതു മുന്നണി മുൻതൂക്കം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, കാനം രാജേന്ദ്രൻ, വിജയരാഘവൻ തുടങ്ങിയവരെല്ലാം ഓൺലൈൻ കാമ്പെയിനാണ് നടത്തിയത്. ഉമ്മൻചാണ്ടിക്കാണ് യു.ഡി.എഫ് പ്രചാരണത്തിന്റെ നേതൃത്വം. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ തുടങ്ങിയവർ പ്രാദേശിക തലത്തിൽ കൺവെൻഷനുകളിൽ പങ്കെടുത്തു. കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയ നേതാക്കൾ എൻ.ഡി.എയ്‌ക്കായും പ്രചാരണത്തിനെത്തി.
പൂഞ്ഞാറും സമീപ മേഖലകളും കേന്ദ്രീകരിച്ച് പി.സി. ജോർജും മകൻ ഷോൺ ജോർജും ജനപക്ഷ സ്ഥാനാർത്ഥികൾക്കായുള്ള പോരാട്ടത്തിലാണ്.
നിലവിലെ സീറ്റ് നില
ജില്ലാ പഞ്ചായത്ത് - 22 സീറ്റ്
എൽ.ഡി.എഫ് -11 (സി.പി.എം 6, കേരള കോൺഗ്രസ് ജോസ് -4, സി.പി.ഐ -1
യു.ഡി.എഫ്- 10 (കോൺഗ്രസ് -8, കേരള കോൺഗ്രസ് ജോസഫ് -2)
ജനപക്ഷം അംഗം മരിച്ചു
നഗരസഭ - 6
യു.ഡി.എഫ്- 5
എൽ.ഡി.എഫ്- 1
ബ്ലോക്ക് പഞ്ചായത്ത്- 11
യു.ഡി.എഫ്- 8
എൽ.ഡി.എഫ്- 3
ഗ്രാമപഞ്ചായത്ത്- 71
യു.ഡി.എഫ്- 43
എൽ.ഡി.എഫ്- 28