പാലാ:അപകടങ്ങൾ തുടർക്കഥയായ മേലുകാവ് പാണ്ടിയമ്മാവ് ടോപ്പിൽ സംരക്ഷണത്തിനായും തണലിനായും വച്ചു പിടിപ്പിച്ച പൂവാകകൾ അതിന് ചുമതലപ്പെട്ടവർ തന്നെ വെട്ടിനശിപ്പിച്ചതായി പരാതി. അദ്ധ്യാപകനായ മേലുകാവ് കണ്ണൻകുളത്ത് ജിസ് മോന്റെ വീടിന് മുന്നിലെ കൊടുംവളവിലാണ് അപകടങ്ങൾ തുടർക്കഥയായിരുന്നത്. ഇത് കണ്ടു മനസ് മടുത്തപ്പോഴാണ് ഒരു വർഷം മുമ്പ് ജിസ്‌മോൻ റോഡരികിൽ പൂന്തോട്ടവും തണൽ വാകമരങ്ങളും വച്ചുപിടിപ്പിച്ചത്. വാഹനങ്ങൾ തണൽ മരങ്ങളിൽ തട്ടിനിന്ന് അപകടത്തിന്റെ രൂക്ഷത കുറയട്ടേ എന്നായിരുന്നു ജിസ്മോന്റെ കണക്കുകൂട്ടൽ. റോഡ് സംരക്ഷണത്തിന് ഉത്തരവാദിത്വപ്പെട്ടവർ റോഡരുകിലെ പുല്ല് വെട്ടാൻ വരുമ്പോഴും അവരോട് പറഞ്ഞ് വെട്ടിക്കളയാതെ സംരക്ഷിച്ചിരുന്ന ഏകദേശം ഒരു വർഷം പ്രായമായ നാല് പൂവാകകളാണ് ജിസ്‌മോൻ സ്ഥലത്തില്ലാത്തപ്പോൾ തന്നെ വെട്ടിനശിപ്പിച്ചത്. സംഭവത്തിൽ മന്ത്രി ജി.സുധാകരന് പരാതി നൽകിയതായി ജിസ് മോൻ പറഞ്ഞു.