
കോട്ടയം : പണി കിട്ടുമ്പോൾ ഇങ്ങനെ തന്നെ കിട്ടണം. കൊവിഡ് ബാധിച്ചവർക്കും ക്വാറന്റൈനിലുള്ളവർക്കും തപാൽ വോട്ടിംഗ് സംവിധാനം ഒരുക്കാനാണ് റിസ്ക് എടുത്ത് ഉദ്യോഗസ്ഥർ വീടുകൾ കയറിയിറങ്ങുന്നത്. നഗരസഭയിലെ എസ്.എച്ച് മൗണ്ടിലെ ഒമ്പതാം വാർഡിലുള്ള കൊവിഡ് രോഗിയെ കാണാൻ പി.പി.ഇ കിറ്റും ധരിച്ച് മറ്റ് സാമഗ്രികളുമായെത്തിയപ്പോഴാണ് വീട് പൂട്ടിക്കിടക്കുന്നത് കണ്ടത്. അന്വേഷിച്ചപ്പോൾ രോഗി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേയ്ക്ക് മാറി. രോഗികൾ വീട്ടിലുണ്ടെന്ന് ഉറപ്പാക്കുന്നത് ആശ പ്രവർത്തകയാണ്. അവർ പോലുമറിയാതെയാണ് രോഗി ട്രീറ്റ്മെന്റ് സെന്ററിലേയ്ക്ക് മാറിയത്. വീടുകളിൽ പോകാൻ രണ്ടര മുതൽ പി.പി.ഇ കിറ്റ് അണിഞ്ഞ് ഉദ്യോഗസ്ഥർ കാത്തു നിന്നെങ്കിലും വാഹനം വന്നപ്പോൾ നാലോളമായി. ഒന്നര മണിക്കൂർ വെറുതേ കിറ്റിനകത്തിരുന്ന് പുഴുങ്ങിയതിന് പിന്നാലെയാണ് മറ്റൊരു പണിയും കിട്ടിയത്.