വൈക്കം: വൈക്കത്തഷ്ടമിയുടെ പത്താം ഉത്സവദിനമായ നാളെ വലിയശ്രീബലി നടക്കും. രാവിലെ 10ന് നടക്കുന്ന വലിയ ശ്രീബലിയും രാത്രി 10 ന് നടക്കുന്ന വലിയവിളക്കും അഷ്ടമിയുടെ പ്രധാന ചടങ്ങാണ്. വലിയ ചട്ടത്തിലാണ് വൈക്കത്തപ്പന്റെ തിടമ്പ് എഴുന്നള്ളിക്കുന്നത്. കട്ടിമാലകളും പട്ടുടയാടകളും ആടയാഭരണങ്ങളും ചേർത്താണ് തിടമ്പ് അലങ്കരിക്കുക. ഗജവീരൻ വെളിനെല്ലൂർ മണിയ്കണ്ഠൻ തിടമ്പേറ്റും.നാദസ്വരമേളവും പഞ്ചവാദ്യവും അകമ്പടിയാകും.
കാലാക്കൽ കാവുടയോന്റെ ഉടവാൾ എഴുന്നള്ളിച്ചു
വൈക്കം: കാലാക്കൽ കാവുടയോന്റെ ഉടവാൾ മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. കാലാക്കൽ ക്ഷേത്രത്തിലെ വിശേഷപൂജകൾക്ക് ശേഷം കാലാക്കൽ മേൽശാന്തി മനീഷിൽ നിന്നും ഉടവാൾ വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ കെ.ആർ ബിജു ഏറ്റുവാങ്ങി. തുടർന്ന് എഴുന്നള്ളിപ്പിന് വാളുമായി അകമ്പടി സേവിക്കുന്ന കുമാറിന് കൈമാറി.
വൈക്കം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ട് പുറത്തേക്ക് പോകുമ്പോൾ കാലാക്കൽ ക്ഷേത്രത്തിലെ ഉടവാളുമായി ഒരാൾ അകമ്പടിക്കുണ്ടാവണമെന്നാണ് ആചാരം. എട്ട്, ഒൻപത് ദിവസങ്ങളിൽ നടക്കുന്ന വടക്കുംചേരിമേൽ തേക്കുംചേരിമേൽ എഴുന്നള്ളിപ്പുകൾ എന്നിവയും ആറാട്ടു എഴുന്നള്ളിപ്പും ക്ഷേത്രത്തിന് പുറത്തേയ്ക്കാണ്. ഈ സമയം എഴുന്നള്ളിപ്പിന് കാലാക്കൽ വല്ല്യച്ചന്റെ ഉടവാൾ എന്തിയ ആളും ഉണ്ടാവും. കാലാക്കൽ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം വൈക്കം ദേവസ്വം അധികാരികൾ ഏറ്റുവാങ്ങിയ ഉടവാൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.
പരുഷ വാദ്യം
വൈക്കം: വൈക്കം ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ എഴുന്നളളിപ്പ് സമയത്ത് നടക്കുന്ന അനുഷ്ഠാനമാണ് പരുഷ വാദ്യം.
പാണി കൊട്ടി ശീവേലി പുറത്തേക്കിറങ്ങി ബലിക്കൽ പുരയിൽ എത്തിയാൽ പരുഷവാദ്യം തുടങ്ങുകയായി. വീക്കൻ ചെണ്ട ,തിമില, താളം എന്നിവ സമന്വയിപ്പിച്ച് കൊണ്ടുള്ള വാദ്യ വിശേഷമാണ് ഇത്. ഇന്നലെ ക്ഷേത്രത്തിലെ ശ്രീബലി പുറത്തേക്ക് എഴുന്നള്ളിയ സമയം വൈക്കം കാർത്തിക് ,കീഴൂർ മധുസൂദന കുറുപ്പ്, വൈക്കം ചന്ദ്രൻ മാരാർ , വൈക്കം ജയൻ, പുതുശ്ശേരി ഗോപാലകൃഷ്ണൻ, തേരോഴിൽ ഹരി, പ്രജിത്ത്, വിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരുഷ വാദ്യം നടന്നത്.
ഉത്സവബലി ഭക്തിസാന്ദ്രമായി
വൈക്കം: വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങായ മൂന്നാമത്തെ ഉത്സവബലി ഭക്തിസാന്ദ്രമായി. കിഴക്കി നിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. മേൽശാന്തി ടി.ഡി നാരായണൻ നമ്പൂതിരി , കീഴ്ശാന്തിമാരായ ആഴാട് നാരായണൻ നമ്പുതിരി എന്നിവർ സഹകാർമ്മികരായി. ഉത്സവബലിയുടെ പുറത്തേഴുന്നള്ളിപ്പിന് ഗജവീരൻ വെളിനെല്ലൂർ മണികണ്ഠൻ തിടമ്പേറ്റി. വൈക്കം ചന്ദ്രൻ മാരാർ, കീഴൂർ മധുസൂദന കുറപ്പ്, തേരോഴിൽ ഹരി, വൈക്കം ജയകുമാർ എന്നിവർ മേളം ഒരുക്കി.