rd

ചങ്ങനാശേരി : കാൽനടയാത്രക്കാരെയും വാഹനയാത്രക്കാരെയും വെട്ടിലാക്കി നടപ്പാതകളും റോഡരികുകളും ഡിവൈഡറുകളും കാടും പടർപ്പും കയറി മൂടി. നഗരത്തിലെ പല റോഡരികുകളുടെയും സ്ഥിതി ഇതാണ്. കാട് പടർന്നു റോഡിലേക്ക് കയറിയ നിലയിലാണ്. കാൽനടയാത്രക്കാരെയാണ് ഇതു ദുരിതത്തിലാഴ്ത്തുന്നത്. റോഡിലേക്ക് ഇറങ്ങി നടന്നാൽ ചീറിപാഞ്ഞു വരുന്ന വാഹനങ്ങളെ ഭയന്നു വേണം നടക്കുവാൻ. രാത്രികാലങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. റോഡരികുകൾ വൃത്തിയാക്കുന്നത് ഇപ്പോൾ നിലച്ചിരിക്കുകയാണ്. താലൂക്കിലെ എല്ലാ പ്രധാന റോഡുകളുടെയും അരികുകൾ കാട് മൂടിയ നിലയിലാണ്. കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത തരത്തിലാണ് കാടുകൾ പടർന്നു നില്ക്കുന്നത്. നടപ്പാതകൾ പലയിടത്തുമില്ലാത്തതിനാൽ കാൽനടയാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. കോടിമത, വാകത്താനം, ഞാലിയാകുഴി, തെങ്ങണ, കണ്ണൻചിറ, കുറിച്ചി തുടങ്ങി നിരവധി സ്ഥലങ്ങളിലെ റോഡരികുകൾ കാട് മൂടികിടക്കുകയാണ്. ഡിവൈഡറുകളിൽ വിവിധ തരത്തിലുള്ള ചെടികൾ നട്ടുപ്പിടിപ്പിച്ചിരുന്നെങ്കിലും ഇവയെല്ലാം യഥാസമയം പരിപാലിക്കാത്തതിനെ തുടർന്ന് വളർന്നു പന്തലിച്ച നിലയിലാണ്. ചെടികൾക്ക് ഇടയിൽ ധാരാളം കളകളും വളർന്നു നില്ക്കുന്നുണ്ട്. കോടിമത, കുറിച്ചി, ചിങ്ങവനം എന്നിവിടങ്ങളിലെ ഡിവൈഡറുകൾ കാട് നിറഞ്ഞ് നില്ക്കുന്ന സ്ഥിതിയാണ്. റോഡരികുകളിലെ കാടുകൾ നീക്കം ചെയ്യുകയും കാൽനടയാത്രസുഗമമാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു.