
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വേറിട്ട ആചാരമായ വടക്കുംചേരിമേൽ എഴുന്നള്ളിപ്പ് നടന്നു. എട്ടാം ഉത്സവ ദിവസത്തെ വിളക്കെഴുന്നള്ളിപ്പാണ് വടക്കുംചേരിമേൽ എഴുന്നള്ളിപ്പ്. ഒൻപതാം ഉത്സവ ദിവസം പുലർച്ചയാണ് നടക്കുന്നത്. ക്ഷേത്രത്തിന് അഞ്ച് പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷമാണ് എഴുന്നള്ളിപ്പ് ക്ഷേത്രമതിൽ വിട്ട് പുറത്തുപോകുന്നത്. ഉദയനാപുരം ക്ഷേത്രം കടന്ന് ചെമ്പ് ദേശം വരെ പോകുന്ന എഴുന്നള്ളിപ്പ് അവിടെ വച്ച് കമഴ്ത്തി പിടിച്ച് ശംഖ് ഊതി തിരിച്ചു എഴുന്നള്ളി. ആചാരപ്രകാരം കൂട്ടുമ്മേൽ ക്ഷേത്രത്തിൽ ഇറക്കിപൂജയും നിവേദ്യവും നടത്തി. കളിയരങ്ങിൽ നടക്കുന്ന കഥകളിയുടെ സംഗീതം ആസ്വദിച്ചു കൊണ്ടാണ് സംഗീതപ്റിയനായ വൈക്കത്തപ്പൻ ക്ഷേത്റ ഗോപുരം വിട്ടു പുറത്തേക്ക് എഴുന്നള്ളിയിരുന്നത്. എന്നാൽ ഇത്തവണ കൊവിഡ് പ്രതിസന്ധി മൂലം കലാപരിപാടികൾ ഒഴിവാക്കിയിരുന്നു. ഉദയനാപുരം ക്ഷേത്രത്തിലെ ഉത്സവത്തിനും വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് എന്ന ആചാരമുണ്ട്.